പതിനാലാം ഓവറില്‍ അക്ഷയ് മനോഹറിനയും അതേ ഓവറില്‍ അഹമ്മദ് ഇമ്രാനെയും നഷ്ടമായി തോല്‍വി മുന്നില്‍ക്കണ്ട തൃശൂരിനെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അര്‍ജ്ജുനും ക്യാപ്റ്റൻ സിജോമോന്‍ ജോസഫും ചേര്‍ന്നാണ് ജയമൊരുക്കിയത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണിന്‍റെ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ലാസ്റ്റ് ബോൾ ത്രില്ലറില്‍ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സിന് മൂന്നാം ജയം. ആദ്യം ബാറ്റ് ചെയ്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂര്‍ അഹമ്മദ് ഇമ്രാന്‍റെ അര്‍ധസെഞ്ചുറിയുടെയും അര്‍ജ്ജുന്‍ എ കെ, ക്യാപ്റ്റൻ സിജോമോന്‍ ജോസഫ് എന്നിവരുടെ ഫിനിഷിംഗിന്‍റെയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഹമ്മദ് ഇമ്രാന്‍ 40 പന്തില്‍72 റണ്‍സടിച്ചപ്പോള്‍ അര്‍ജുന്‍ എ കെ 16 പന്തില്‍ 31 ഉം സിജോമോന്‍ ജോസഫ് 23 പന്തില്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സീസണില്‍ ബ്ലൂ ടൈഗേഴ്സിന്‍റെ ആദ്യ തോല്‍വിയാണിത്. സ്കോര്‍ കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ 188-7, തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ 189-5.
189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ തൃശൂരിന് പവര്‍പ്ലേയില്‍ തന്നെ ആനന്ദ് കൃഷ്ണനെയും(7), ഷോണ്‍ റോജറെയും(8) നഷ്ടമായി. പവര്‍ പ്ലേക്ക് പിന്നാലെ വിഷ്ണു മേനോനും(3) മടങ്ങി. എന്നാല്‍ ഒരറ്റത്ത് തകര്‍ത്തടിച്ച അഹമ്മദ് ഇമ്രാന്‍ തൃശൂരിന്‍റെ സ്കോറുയര്‍ത്തി. പതിനാലാം ഓവറില്‍ അക്ഷയ് മനോഹറിനയും അതേ ഓവറില്‍ അഹമ്മദ് ഇമ്രാനെയും നഷ്ടമായി തോല്‍വി മുന്നില്‍ക്കണ്ട തൃശൂരിനെ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച അര്‍ജ്ജുനും ക്യാപ്റ്റൻ സിജോമോന്‍ ജോസഫും ചേര്‍ന്നാണ് ആവേശ ജയമൊരുക്കിയത്.
അവസാന നാലോവറില്‍ 55 റൺസായിരുന്നു തൃശൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്ദ് ആഷിഖ് എറിഞ്ഞ പതിനേഴാം ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച ടൈറ്റന്‍സ് പതിനെട്ടാം ഓവറില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് അവസാന രണ്ടോവറില്‍ ലക്ഷ്യം 25 റണ്‍സാക്കി. മുഹമ്മദ് ആഷിഖ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സ് കൂടി നേടി അവസാന ഓവറിലെ ലക്ഷ്യം 15 റണ്‍സാക്കി. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെ തൃശൂരിന് നേടാനായുള്ളു. എന്നാല്‍ നാലാം പന്തില്‍ സിക്സ് നേടി സിജോമോന്‍ തൃശൂരിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. അഞ്ചാം പന്തില്‍ രണ്ട് റണ്‍സോടിയതോടെ അവസാന പന്തില്‍ ലക്ഷ്യം നാലു റണ്‍സായി. സിജോമോന്‍ ജോസഫ് അവസാന പന്തില്‍ സ്ട്രൈറ്റ് ബൗണ്ടറിയിലേക്ക് പായിച്ച പന്ത് ഫീല്‍ഡര്‍ തടുത്തിട്ടെങ്കിലും കാല്‍ ബൗണ്ടറി റോപ്പ് കടന്നതിനാല്‍ ടിവി അമ്പയറുടെ പരിശോധനക്കൊടുവില്‍ തൃശൂര്‍ ജേതാക്കളായി.
നേരത്തെ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലെത്തിയ കൊച്ചിക്കായി ആദ്യ ഓവറിലെ അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ കൊച്ചിക്ക് വിനൂപ് മനോഹരന്‍റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്‍റെ പന്തില്‍ അക്ഷയ് മനോഹറാണ് വിനൂപിനെ കൈയിലൊതുക്കിയത്. പിന്നാലെ സ്വന്തം ബൗളിംഗില്‍ ഷാനു നല്‍കിയ അവസരം നിധീഷ് കൈവിട്ടു. എന്നാല്‍ ആനന്ദ് ജോസഫ് എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 18 റണ്‍സടിച്ച സഞ്ജു പവര്‍ പ്ലേ പവറാക്കി.
സിജോമോൻ ജോസഫിന്‍റെ അടുത്ത ഓവറിലും രണ്ട് സിക്സുകള്‍ നേടിയ സഞ്ജു കൊച്ചിയുടെ പവര്‍ പ്ലേ സ്കോര്‍ 52 റണ്‍സിലെത്തിച്ചു. മുഹമ്മദ് ഇഷാഖ് എറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ട് സിക്സുകൾ പറത്തിയ സഞ്ജു 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 11.5 ഓവറിൽ കൊച്ചി 100 കടന്നു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് ശേഷം സഞ്ജുവിന് അധികം സ്ട്രൈക്ക് കിട്ടാതിരുന്നത് കൊച്ചിക്ക് തിരിച്ചടിയായി. പതിനാലാം ഓവറില്‍ 11 പന്തില്‍ 18 റണ്‍സെടുത്ത നിഖില്‍ തോട്ടത്തും വീണു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സാലി സാംസണ്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. നേരിട്ട രണ്ടും മൂന്നും പന്തുകള്‍ സാലി വിശ്വനാഥ് ബൗണ്ടറി പറത്തിയപ്പോള്‍ സഞ്ജുവും ടോപ് ഗിയറിലായി. തുടര്‍ച്ചയായി രണ്ട് ബൗണ്ടറിയും സിക്സും പറത്തി സഞ്ജു 15 ഓവറില്‍ കൊച്ചിയെ 140 റണ്‍സിലെത്തിച്ചു.
പതിനാറാം ഓവറില്‍ ആറ് പന്തില്‍ 16 റണ്‍സെടുത്ത സാലിയുടെ വിക്കറ്റും കൊച്ചിക്ക് നഷ്ടമായി. സഞ്ജുവും ആല്‍ഫി ഫ്രാന്‍സിസും ചേര്‍ന്ന് കൊച്ചിയെ പതിനേഴാം ഓവറില്‍ 150 കടത്തി. അവസാന ഓവറുകളില്‍ സഞ്ജു വെടിക്കെട്ട് കാണാനിരുന്നവരെ നിരാശാക്കി പതിനെട്ടാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു 89 റണ്‍സുമായി മടങ്ങി. നാലു ഫോറും ഒമ്പത് സിക്സും പറത്തിയാണ് സഞ്ജു 193.48 സ്ട്രൈക്ക് റേറ്റില്‍ 89 റണ്‍സെടുത്തത്. പിന്നാലെയായിരുന്നു അജിനാസിന്‍റെ ഹാട്രിക്ക്. അവസാന രണ്ടോവറില്‍ ആഞ്ഞടിച്ച ആല്‍ഫി ഫ്രാന്‍സിസും അഖിലും ചേര്‍ന്ന് കൊച്ചിയെ 190ല്‍ എത്തിച്ചു. തൃശൂരിനായി അജിനാസ് നാലോവറില്‍ 30 റണ്‍സ് വഴങ്ങി ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്തു.


