ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് അഹമ്മദ് ഇമ്രാന്റെ (55 പന്തില്‍ 100) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് അഹമ്മദ് ഇമ്രാന്റെ (55 പന്തില്‍ 100) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഗ്ലോബ്‌സ്റ്റാര്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനാണ് സാധിച്ചത്. 44 പന്തില്‍ 77 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് ഗ്ലോബ്‌സ്റ്റാര്‍സിന് പ്രതീക്ഷ നല്‍കിയത്. അജിനാസ് 40 പന്തില്‍ 58 റണ്‍സെടുത്തു.
സല്‍മാന്‍ നിസാര്‍, അജിനാസ് എന്നിവരൊഴികെ മറ്റാര്‍ക്കും ഗ്ലോബ്‌സ്റ്റാര്‍സ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. രോഹന്‍ കുന്നുമ്മല്‍ (14) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സുരേഷ് സച്ചിന്‍ (7), അഖില്‍ സ്‌കറിയ (8), മുഹമ്മദ് അന്‍ഫല്‍ (8), മനു കൃഷ്ണന്‍ (9) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൈന്‍ ജോബിന്‍ ജേക്കബ് (0), സുദേശന്‍ മിഥുന്‍ (5) പുറത്താവാത നിന്നു. എം ഡി നിതീഷ് ടൈറ്റന്‍സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. സിബിന്‍ ഗിരീഷിന് രണ്ട് വിക്കറ്റുണ്ട്.
നേരത്തെ, ഇമ്രാന്റെ സെഞ്ചുറിയാണ് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 55 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും 11 ഫോറും നേടി. ഷോണ്‍ റോജര്‍ (35), അക്ഷയ് മനോഹര്‍ (22), അര്‍ജുന്‍ എ കെ (24) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആനന്ദ് കൃഷ്ണന്‍ (7), വിനോദ് കുമാര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സിബിന്‍ ഗിരീഷ് (2) പുറത്താവാതെ നിന്നു. ഗ്ലോബ്‌സ്റ്റാര്‍സിന് വേണ്ടി മോനു കൃഷ്ണ മൂന്നും അഖില്‍ ദേവ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഗ്ലോബ്‌സ്റ്റാര്‍സിന്റെ രണ്ടാം തോല്‍വിയാണിത്.

