ഐസിസി ടി20 റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന തിലക് വർമ റെക്കോർഡ് നേട്ടത്തിനരികെ. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ തിളങ്ങിയാൽ തിലകിന് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ അവസരമുണ്ട്.
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ ഇന്ത്യൻ യുവതാരം തിലക് വര്‍മ റെക്കോര്‍ഡ് നേട്ടത്തിനരികെ. നിലവില്‍ 832 റേറ്റിംഗ് പോയന്‍റുമായാണ് തിലക് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 855 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.
ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ തിളങ്ങിയാല്‍ തിലകിന് ട്രാവിസ് ഹെഡില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ അവസരമുണ്ട്. നിലവില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുകയാണ് ട്രാവിസ് ഹെഡ് എന്നതിനാല്‍ അവസാന രണ്ട് ടി20കളില്‍ മികച്ച പ്രകടനം നടത്തിയാല്‍ തിലകിന് ഒന്നാം സ്ഥാനത്തെത്താനാവും. ട്രാവിസ് ഹെഡിനെ മറികടന്ന് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയാല്‍ മറ്റൊരു ലോക റെക്കോര്‍ഡും തിലകിന് സ്വന്തമാവും.
ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് 22 വയസും 82 ദിവസവും പ്രായമുള്ള തിലകിന്‍റെ കൈയകലത്തിലുള്ളത്. 23 വയസും 105 ദിവസവും പ്രായമുള്ളപ്പോള്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയ പാകിസ്ഥാന്‍റെ ബാബര്‍ അസമിനെയാണ് തിലക് മറികടക്കുക. 2018ലാണ് ബാബര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 832 റേറ്റിംഗ് പോയന്‍റുള്ള തിലത് ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യൻ താരത്തിന്‍റെ നാലാമത്തെ മികച്ച റാങ്കിംഗ് സ്വന്തമാക്കുകകയും ചെയ്തു.
സൂര്യകുമാര്‍ യാദവ്, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് തിലകിനെക്കാള്‍ റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങള്‍. ഇന്നലെ രാജ്കോട്ടില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ 14 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ തിലക് കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളില്‍ ആദ്യമായാണ് ഔട്ടാവുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താവാതെ 107, 120, ഇംഗ്ലണ്ടിനെതിരെ 19, 72 എന്നിങ്ങനെയായിരുന്നു ഇതിന് മുമ്പത്തെ തിലകിന്‍റെ സ്കോര്‍. കരിയറില്‍ ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില്‍ നിന്ന് 55.76 ശരാശരിയിലും 155.24 സ്ട്രൈക്ക് റേറ്റിലുമായി 725 റണ്‍സാണ് തിലക് അടിച്ചെടുത്തത്.
