റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിര്‍ണ്ണായക മത്സരത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് നായക പ്രതിസന്ധിയിലാണ്. താല്‍ക്കാലിക നായകന്‍ സൂര്യകുമാര്‍ യാദവും സ്ഥിരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിനൊപ്പം യാത്ര ചെയ്യാത്തതിനാല്‍, ജസ്പ്രീത് ബുംറയോ യുവതാരം തിലക് വര്‍മ്മയോ ടീമിനെ നയിച്ചേക്കുമെന്നാണ് സൂചന. 

റായ്പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ നിര്‍ണ്ണായക മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് കടുത്ത പ്രതിസന്ധിയില്‍. താല്‍ക്കാലിക നായകന്‍ സൂര്യകുമാര്‍ യാദവും സ്ഥിരം നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിനൊപ്പം റായ്പൂരിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച നടക്കുന്ന ജീവന്‍മരണ പോരാട്ടത്തിന് മുമ്പ് നായകന്മാരുടെ അഭാവം അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്നു.

പരിക്കിന്റെ പിടിയില്‍ നായകന്മാര്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പുറംവേദന മൂലം ഹാര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നില്ല. ബുധനാഴ്ച ടീം റായ്പൂരിലേക്ക് പുറപ്പെട്ടപ്പോള്‍ ഹാര്‍ദിക് ഒപ്പമുണ്ടായിരുന്നില്ല. സൂര്യകുമാര്‍ യാദവും ടീമിനൊപ്പം ചേരാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ താരങ്ങള്‍ വ്യത്യസ്ത ബാച്ചുകളായിട്ടാണ് യാത്ര ചെയ്യുന്നതെന്നും മത്സരദിവസത്തോടടുത്ത് ഇവര്‍ ടീമിനൊപ്പം ചേരുമെന്നും സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

രോഹിത്തിന്റെ വെടിക്കെട്ടും നായകസ്ഥാനവും

ഹാര്‍ദിക്കും സൂര്യയും കളിച്ചില്ലെങ്കില്‍ നായകസ്ഥാനം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയിലേക്ക് തിരിച്ചെത്താനാണ് സാധ്യത. എന്നാല്‍ ഹാംസ്ട്രിംഗ് പരിക്കിന്റെ അലട്ടലിലുള്ള രോഹിത്തിന്റെ ഫിറ്റ്നസും ചോദ്യചിഹ്നമാണ്. കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത്, 44 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടി തകര്‍പ്പന്‍ ഫോമിലാണെന്ന് തെളിയിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ മൂവരും കളിക്കാത്ത പക്ഷം ജസ്പ്രീത് ബുംറയോ യുവതാരം തിലക് വര്‍മ്മയോ ടീമിനെ നയിക്കേണ്ടി വരും.

മുംബൈയ്ക്ക് ഇത് ജീവന്‍മരണ പോരാട്ടം

സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിജയങ്ങള്‍ മാത്രമുള്ള മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വരും മത്സരങ്ങളെല്ലാം വിജയിച്ചേ തീരൂ. വരും ദിവസങ്ങളിലെ പരിശീലന സെഷനുകളില്‍ മാത്രമേ നായകന്മാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലുള്ള മുംബൈയ്ക്ക് റായ്പൂരിലെ വിജയം അത്യന്താപേക്ഷിതമാണ്.

YouTube video player