മാഞ്ചസ്റ്റര്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലുണ്ടായ തെറ്റുകളെ കുറിച്ച് തുറന്നുസംസാരിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍. മാഞ്ചസ്റ്ററില്‍ ഇന്ന് നടക്കന്ന നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പത്രസമ്മേളത്തിലാണ് പെയ്ന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത്. ക്യാപ്റ്റന്‍സിയുെട കാര്യത്തിലും നല്ല തീരുമാനങ്ങള്‍ ഉണ്ടായില്ലെന്ന് ഓസീസ് ക്യാപ്റ്റന്‍ തുറന്നുസമ്മതിച്ചു.

ബെന്‍ സ്‌റ്റോക്‌സിന്റെ വിക്കറ്റെടുക്കാന്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും പറഞ്ഞാണ് പെയ്ന്‍ തുടങ്ങിയത്. അദ്ദേഹം തുടര്‍ന്നു... ''സ്റ്റോക്‌സിന്റെ വിക്കറ്റെടുക്കാന്‍ അധികം സമ്മര്‍ദം ചെലുത്തിയില്ലെന്നത് പിന്നീടാണ് ബോധ്യപ്പെട്ടത്. അദ്ദേഹത്തിനെതിരെ ഫീല്‍ഡിങ് നിര്‍ത്തിയത് ശരിയായില്ല. ഇതുകാരണം ജാക്ക് ലീച്ചിനെ ബാറ്റിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താനും സ്‌റ്റോക്‌സിന് സാധിച്ചു. 

വരും മത്സരങ്ങളില്‍ സ്‌റ്റോക്‌സിനെ എങ്ങനെ പുറത്താക്കുമെന്ന ആലോചിച്ച് ഉറക്കം പോയിട്ടുണ്ട്. അദ്ദേഹം മികച്ചതാരമാണ്, എന്നാല്‍ ഇത്തവണ ചില പദ്ധതികള്‍ നടപ്പിലാക്കും. മൂന്നാം ടെസ്റ്റില്‍ സംഭവിച്ച തെറ്റുകളെ കുറിച്ച് ചര്‍ച്ചയുണ്ടായി. അടുത്ത തവണ അത്തരം തെറ്റുകള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.'' പെയ്ന്‍ പറഞ്ഞുനിര്‍ത്തി.