Asianet News MalayalamAsianet News Malayalam

അന്ന് ഋഷഭ് പന്തിനെ കുട്ടികളെ നോക്കാന്‍ വിളിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ടിം പെയ്ന്‍

ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. അത് വെറും സമയം പാഴാക്കലാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പന്തിന്റെ പരിശീലകനായിരുന്ന റിക്കി പോണ്ടിംഗും ഞങ്ങളോട് പറഞ്ഞിരുന്നു.

Tim Paine explains how he came up with babysitter sledge for Rishabh Pant
Author
Melbourne VIC, First Published Jan 13, 2020, 7:25 PM IST

മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും ഓസീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്നും തമ്മിലുണ്ടായ വാക് പോര് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തന്റെ കുട്ടികളെ നോക്കാന്‍ വരാമോ എന്ന് പെയ്ന്‍ ചോദിച്ചിരുന്നു. താങ്കള്‍ കുട്ടികളെ നോക്കി ഇരിക്കുകയാണെങ്കില്‍ ഭാര്യയെ കൂട്ടി താന്‍ സിനിമിക്ക് പോകാമെന്നും പന്തിനോട് പെയ്ന്‍ പറഞ്ഞിരുന്നു.

പിന്നീട് പെയ്‌നിന്റെ വീട് സന്ദര്‍ശിച്ച ഋഷഭ് പന്ത് അദ്ദേഹത്തിന്റെ ഭാര്യ ബോണി പെയ്നിനും കുട്ടികള്‍ക്കുമൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും അത് സോഷ്യല്‍ മീഡിയ വഴി പുറത്തുവിടുകയും ചെയ്തു. എന്നാല്‍ അന്ന് പന്തിനോട് അങ്ങനെ ചോദിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് ഇപ്പോള്‍ പെയ്ന്‍. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് മത്സരത്തിനിടെ കമന്ററി ബോക്സിലിരുന്നാണ് പെയ്ന്‍ അക്കഥ വിവരിച്ചത്.

ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. അത് വെറും സമയം പാഴാക്കലാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പന്തിന്റെ പരിശീലകനായിരുന്ന റിക്കി പോണ്ടിംഗും ഞങ്ങളോട് പറഞ്ഞിരുന്നു. കാരണം സ്ലെഡ്ജിംഗ് പന്ത് മൈന്‍ഡ് ചെയ്യുന്നേ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഷോട്ട് കളിക്കുമ്പോഴുള്ള പന്തിന്റെ അശ്രദ്ധ മുതലെടുക്കാനായി പിന്നീട് ഞങ്ങളുടെ ശ്രമം.

വിക്കറ്റ് വീഴ്ത്താനാവാതെ ഞങ്ങള്‍ ബോറടിച്ചു നില്‍ക്കുകയായിരുന്നു. പന്ത് ആകട്ടെ വല്ലപ്പോഴും അശ്രദ്ധയോടെ ബാറ്റ് വീശാറുമുണ്ട്. അപ്പോള്‍ പന്തിന്റെ ശ്രദ്ധതിരിച്ച് ഞങ്ങളുടെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും അശ്രദ്ധമായ ഷോട്ട് കളിച്ച് പുറത്താകാന്‍ പ്രേരിപ്പിക്കാനുമായിരുന്നു അന്ന് ശ്രമിച്ചതെന്നും പെയ്ന്‍ പറഞ്ഞു. പന്ത് പ്രതിഭാധനനായി കളിക്കാരനാണെന്നും പെയ്ന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios