ആശങ്ക നല്‍കുന്നത് ഫിനിഷര്‍മാരാണ്. ഒരു ഇന്നിങ്സോ നല്ല തുടക്കമോ മൂവരില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല
പേരും പെരുമയും നിറഞ്ഞ, ലോക ക്രിക്കറ്റിലെ ഏത് ടീമും ഭയക്കുന്ന ഇന്ത്യൻ ബാറ്റിങ് നിര. ടി20 ലോകകപ്പില്‍ ഇതുവരെ എതിരെ വന്നത് നമീബിയയും യുഎസ്എയും. ഐസിസി റാങ്കിങ്ങില്‍ പതിനഞ്ചും പതിനേഴും സ്ഥാനത്തുള്ളവര്‍. സൂര്യകുമാര്‍ യാദവിന്റെ പടക്കോപ്പുകളെ പൂര്‍ണമായും പിടിച്ചുകെട്ടാനായി യുഎസ്എയ്ക്ക്. ഭാഗീകമായി നമീബിയക്കും. മധ്യനിരയുടെ പ്രകടനം ശരാശരിയില്‍ നില്‍ക്കുമ്പോള്‍ ഫിനിഷര്‍മാര്‍ക്ക് അസോസിയേറ്റ് ടീമുകളോട് പോലും തിളങ്ങാനാകുന്നില്ല.
മൂന്ന് ഇന്നിങ്സുകളായിരുന്നു രണ്ട് മത്സരങ്ങളിലും ഇന്ത്യയെ രക്ഷിച്ചത്. യുഎസ്എയ്ക്ക് എതിരെ സൂര്യ, നമീബിയക്കെതിരെ ഇഷാൻ കിഷന്റേയും ഹാര്‍ദിക്ക് പാണ്ഡ്യയുടേയും. അതിനപ്പുറം ഒരു സംഭാവന മറ്റ് ബാറ്റര്‍മാരില്‍ നിന്നുണ്ടായിട്ടില്ല. ഇഷാന്റെ ബാറ്റില്‍ തുടങ്ങുന്ന മേളം ലോകകപ്പില്‍ പ്രതീക്ഷിച്ചതുപോലെ കൊട്ടിക്കയറുന്നില്ലെന്ന് ചുരുക്കം. യുഎസ്എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ സൂര്യ ഒഴികെ എല്ലാവരും പരാജയപ്പെടുന്നത് കണ്ടു, കൃത്യതയാര്‍ന്ന ബൗളിങ് ഇന്ത്യയുടെ സ്കോറിങ്ങിന് വെല്ലുവിളിയാണെന്ന് നമീബിയ തെളിയിച്ചു.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യൻ ഇന്നിങ്സിന്റെ ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ 104-1 ആയിരുന്നു. പിന്നീടുള്ള ഏഴ് ഓവറില്‍ ഇന്ത്യക്ക് നേടാനായത് കേവലം 40 റണ്‍സ് മാത്രം. 42 പന്തില്‍ മൂന്ന് ബൗണ്ടറികള്‍. മൂന്ന് വിക്കറ്റുകളും ഈ ഫേസില്‍ വീണു. നായകൻ ജെറാഡ് ഇറാസ്മസ്, ബെര്‍ണാഡ് സ്കോള്‍സ് സ്പിൻ ദ്വയമായിരുന്നു ഇന്ത്യൻ മധ്യനിരയ്ക്ക് വിലങ്ങിട്ടത്. പ്രത്യേകിച്ചും ഓഫ് സ്പിന്നറായ ഇറാസ്മസ്. ഇഷാന്റെയും തിലകിന്റേയും നിര്‍ണായക വിക്കറ്റുകളും നേടിയത് ഇറാസ്മസായിരുന്നു.
അവസാന അഞ്ച് ഓവറിലും കാര്യമായി സ്കോര്‍ ഉയര്‍ത്താൻ ഇന്ത്യക്ക് കഴിയാതെ പോയി. 41 റണ്‍സായിരുന്നു നേട്ടം. റണ്‍ റേറ്റ് എട്ടും. അഞ്ച് ബൗണ്ടറി നേടിയെങ്കില്‍ അഞ്ച് വിക്കറ്റും നഷ്ടമായി. ഹാര്‍ദിക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു നാല് ബൗണ്ടറിയും പിറന്നത്, ഒന്ന് ശിവം ദൂബെയ്ക്കും നേടാനായി. 240ന് മുകളിലെത്തുമെന്ന് തോന്നിച്ച സ്കോര്‍ 209ല്‍ ഒതുങ്ങിയത് മധ്യനിരയ്ക്കും ഫിനിഷര്‍മാര്‍ക്കും താളം കണ്ടെത്താൻ കഴിയാതെ പോയതായിരുന്നു. പതിനഞ്ചിനടത്തു നിന്ന റണ്‍റേറ്റാണ് ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 10.4 ല്‍ ഒതുങ്ങിയത്.
സൂര്യ, തിലക്, ഹാര്‍ദിക്ക് ചേരുന്നതാണ് ഇന്ത്യയുടെ മധ്യനിര. ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍ ത്രയത്തിനാണ് ഫിനിഷിങ് ചുമതല. പരുക്കില്‍ നിന്ന് മടങ്ങിയെത്തിയ തിലകിന്റെ ടൂര്‍ണമെന്റിലെ സ്കോറുകള്‍ 16 പന്തില്‍ 25, 21 പന്തില്‍ 25 എന്നിങ്ങനെയാണ്. രണ്ട് മത്സരങ്ങളിലും ലഭിച്ച തുടക്കം മുതലാക്കാൻ ഇടം കയ്യൻ ബാറ്റര്‍ക്കായിട്ടില്ല. യുഎസ്എയ്ക്ക് എതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ സൂര്യ നമീബിയക്കെതിരെ താളം കണ്ടെത്തിയതേയില്ല. ഹാര്‍ദിക്കിന്റെ കാര്യത്തില്‍ നേര്‍വിപരീതവും സംഭവിച്ചു.
ആശങ്ക നല്‍കുന്നത് ഫിനിഷര്‍മാരാണ്. ഒരു ഇന്നിങ്സ് നല്ല തുടക്കമോ മൂവരില്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ദുബെ യുഎസ്എയ്ക്ക് എതിരെ ഗോള്‍ഡൻ ഡക്ക്, നമീബിയക്കെതിരെ പ്രോപ്പര്‍ ടച്ചിലേക്ക് വരുന്നെന്ന് തോന്നിയപ്പോള്‍ റണ്ണൗട്ടുമായി. അക്സര്‍ പട്ടേല്‍ അമേരിക്കയ്ക്ക് എതിര 11 പന്തില്‍ 14 റണ്‍സും നമീബിയക്കെതിരെ ഇറാസ്മസിന്റെ പന്തില്‍ ക്ലീൻ ബൗള്‍ഡും, അതും ഗോള്‍ഡൻ ഡക്ക്. ദുബെയും അക്സറും രണ്ടക്കമെങ്കിലും കടന്നെങ്കിലും ഡെസിഗ്നേറ്റഡ് ഫിനിഷറായ റിങ്കുവിന്റെ പ്രകടനങ്ങളാണ് തീര്‍ത്തും നിരാശപ്പെടുത്തുന്നത്.
യുഎസ്എയ്ക്ക് എതിരെ 14 പന്തുകള്‍ നേരിട്ട റിങ്കു സ്കോര്‍ ചെയ്തത് ആറ് റണ്‍സ്. വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. നമീബിയക്കെതിരെ ആറ് പന്തില്‍ ഒരു റണ്‍സ്. ദുബെയുടെ റണ്ണൗട്ടിലേക്കും വഴിയൊരുക്കി. രണ്ട് കളികളില്‍ നിന്ന് ഏഴ് റണ്‍സ്, സ്ട്രൈക്ക് റേറ്റ് 35 മാത്രം. മതിയായ പന്തുകള്‍ ലഭിച്ചില്ല, അല്ലെങ്കില്‍ ബൗളര്‍മാര്‍ക്ക് പൂര്‍ണമായും അനുകൂലമായ സാഹചര്യങ്ങള്‍, ക്വാളിറ്റി ബൗളിങ് നിര...അങ്ങനെ പ്രതിരോധിക്കാൻ ന്യായീകരണങ്ങളും ഇവിടെയില്ല.
പേസ് ഓഫ് ഡെലിവെറികളും ഫുള്ളര്‍ ലെങ്ത് പന്തുകളും റിങ്കുവിനെ സ്കോറിങ്ങില്‍ നിന്ന് തടയുന്നതാണ് നമീബിയക്കെതിരെ കണ്ടത്. റിങ്കുവിനെ മാത്രമല്ല മറ്റുള്ളവരേയും. ഗ്രൂപ്പ് ഘട്ടം താണ്ടാൻ ഇന്ത്യക്ക് ബുദ്ധിമുട്ടില്ലായിരിക്കാം. പക്ഷേ, സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ മധ്യഓവറിലെ മെല്ലപ്പോക്കും ഫിനിഷിങ്ങിലെ പോരായ്മയും തിരുത്തിയില്ലെങ്കില്‍ തിരിച്ചടിയായേക്കും.
നിലവിലെ സാഹചര്യത്തില്‍ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളായിരിക്കാം ഇന്ത്യക്ക് ഒപ്പം സൂപ്പര്‍ എട്ടിലുണ്ടാകുക. മികച്ച സ്പിന്നര്‍മാരും പേസര്‍മാരുമുള്ള സംഘങ്ങള്‍. യുഎസ്എ, നമീബിയ ആവര്‍ത്തിക്കാതിരിക്കാൻ ഫിനിഷര്‍മാര്‍ ഫോമിലേക്ക് ഉയരേണ്ടത് അനിവാര്യമാണ്.
Powered by:



