സ്മിത്ത് ഉള്‍പ്പെട്ട പന്ത് ചുരണ്ടല്‍ വിവാദത്തിന് തൊട്ടു മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ പെയ്നിന് രാജിവെക്കേണ്ടിവന്നത് എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. 2017ല്‍ നടന്ന സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ടാസ്മാനിയയും അന്വേഷണം നടത്തിയിരുന്നു.

മെല്‍ബണ്‍: നാലു വര്‍ഷം മുമ്പ് ഓസ്ട്രേലിയന്‍ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്(Steve Smith) ഇതുപോലെ പൊട്ടിക്കരഞ്ഞ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിന്‍റെ ഓര്‍മ ഓസ്ട്രേലിയന്‍(Australia) ആരാധകരുടെ മനസിലിപ്പോഴും മായാതെ കിടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ പന്ത് ചുരണ്ടി കൃത്രിമം കാട്ടാന്‍(Sandpaper gate) കൂട്ടുനിന്നതിന്‍റെ പേരിലാണ് സ്മിത്തിന് വിലക്കും ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായതെങ്കില്‍ നാലു വര്‍ഷങ്ങള്‍ക്കിപ്പുറം ടാസ്മാനിയയിലെ വനിതാ സഹപ്രവര്‍ത്തകക്ക് അശ്ലീല സന്ദേശമയച്ചുവെന്ന(sexting case‌) ആരോപണത്തിലാണ് സ്മിത്തിന്‍റെ പിന്‍ഗാമിയായി ക്യാപ്റ്റന്‍സ സ്ഥാനത്തെത്തിയ ടിം പെയ്നും(Tim Paine) കണ്ണീരണിഞ്ഞ് ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചുവെക്കുന്നത്.

സ്മിത്ത് ഉള്‍പ്പെട്ട പന്ത് ചുരണ്ടല്‍ വിവാദത്തിന് തൊട്ടു മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ പെയ്നിന് രാജിവെക്കേണ്ടിവന്നത് എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. 2017ല്‍ നടന്ന സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ടാസ്മാനിയയും അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചൊഴിയുന്നത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ഓസീസിന് നാണക്കേടായി മറ്റൊരു ക്യാപ്റ്റനെ കൂടി നഷ്ടമാവുന്നത്.

രാജിപ്രഖ്യാപനം നടത്താന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എഴുതി തയാറാക്കിയ പ്രസ്താവന വായിക്കുന്നതിനിടെ ടിം പെയ്ന്‍ പലപ്പോഴും കണ്ണീരണിഞ്ഞു. തന്‍റെ പ്രവര്‍ത്തികള്‍ ഓസീസ് ക്രിക്കറ്റിന്‍റെ നിലവാരത്തിനൊത്തുള്ളതായിരുന്നില്ലെന്നും രാജവെക്കാനുള്ള തീരുമാനം ഓസ്ട്രേലിയന്‍ ക്രിക്കറ്റിനും തനിക്കും കുടുുംബത്തിനും ഏറ്റവും ഉചിതചമായതാണെന്നും പെയ്ന്‍ പറഞ്ഞു. നാലു വര്‍ഷം മുമ്പ് സഹപ്രവര്‍ത്തകക്ക് സന്ദേശം അയച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ടാസ്മാനിയയും നടത്തിയ അന്വേഷണങ്ങളോട് പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും പെയ്ന്‍ പറഞ്ഞു. അന്വേഷണത്തില്‍ താന്‍ ഓസീസ് ക്രിക്കറ്റിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതെന്നും കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും 36കാരനായ പെയ്ന്‍ വ്യക്തമാക്കി.

YouTube video player

എന്‍റെ പ്രവര്‍ത്തിമൂലം എന്‍റെ കുടുംബത്തിനും ഭാര്യക്കും അശ്ലീല സന്ദേശം അയച്ച വ്യക്തിക്കും ഉണ്ടായ വേദനക്ക് ഞാന്‍ മാപ്പുപറയുന്നു. എന്‍റെ പ്രവര്‍ത്തിമൂലും ക്രിക്കറ്റിനുണ്ടായ നാണക്കേടിനും മാപ്പു പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുക എന്നതാണ് ശരിയായ തീരുമാനമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആഷസിന് മുമ്പ് ഇത് ടീമിനെ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് തിടുക്കത്തില്‍ പ്രഖ്യാപനം നടത്തുന്നത്.

ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം വഹിക്കാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എനിക്ക് നല്‍കിയ പിന്തുണക്ക് സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടുമെല്ലാം നന്ദി പറയുന്നു. ഞാന്‍ നിരാശരാക്കിയ ആരാധകരോടും ക്രിക്കറ്റ് സമൂഹത്തിനോടും എന്‍റെ പ്രവര്‍ത്തികളുടെ പേരില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും പെയ്ന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ടി20 ലോകകപ്പ് നേടി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുമ്പോഴാണ് ക്രിക്കറ്റിന് തന്നെ നാണക്കേടായി ഓസീസ് ക്യാപ്റ്റന്‍ സെക്സ്റ്റിംഗ് വിവാദത്തില്‍ പുറത്തുപോവുന്നത്.