ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ നിറം മങ്ങിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെല്ലാം ഫോം വീണ്ടെടുക്കാൻ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര.
വെല്ലിംഗ്ടണ്‍: ഈ മാസം 19ന് പാകിസ്ഥാനില്‍ തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള തയാറെടുപ്പുകളിലാണ് ടീമുകളെല്ലാം. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ ടെസ്റ്റ് പരമ്പരകളില്‍ നിറം മങ്ങിയ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കുമെല്ലാം ഫോം വീണ്ടെടുക്കാൻ ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര.
ആതിഥേയരായ പാകിസ്ഥാനാകട്ടെ ബാബര്‍ അസമിന്‍റെ ഫോമിലും ആശങ്കയിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാബര്‍ നിറം മങ്ങിയിരുന്നു. 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ 765 റണ്‍സ് അടിച്ച് ടോപ് സ്കോററായ വിരാട് കോലി ഇന്ത്യൻ ടീമിലുണ്ടെങ്കിലും ചാമ്പ്യൻസ് ട്രോഫിയില്‍ ടോപ് സ്കോററാകുക ഇന്ത്യയുടെ വിരാട് കോലിയോ പാകിസ്ഥാന്‍റെ ബാബര്‍ അസമോ ഒന്നുമായിരിക്കില്ലെന്ന് പ്രവചിക്കുകകയാണ് അടുത്തിടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ടിം സൗത്തി. അത് ന്യൂസിന്‍ഡിന്‍റെ കെയ്ൻ വില്യംസണോ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡോ ആയിരിക്കുമെന്ന് സൗത്തി ഐസിസി പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
പാകിസ്ഥാനിലെ പിച്ചുകള്‍ ബാറ്റിംഗിന് അനുകൂലമായിരിക്കുമെന്നും ടൂര്‍ണമെന്‍റില്‍ ന്യൂസിലന്‍ഡ് സെമിയിലെങ്കിലും എത്തുകയാണെങ്കില്‍ കെയ്ൻ വില്യംസണാകും ചാമ്പ്യൻസ് ട്രോഫിയില്‍ ടോപ് സ്കോററകുകയെന്നും സൗത്തി വ്യക്തമാക്കി. ഏകദിനങ്ങളില്‍ വില്യംസണ് മികച്ച റെക്കോര്‍ഡുണ്ടെന്നതും അനുകൂല ഘടകമാണ്.
വില്യംസണ്‍ കഴിഞ്ഞാല്‍ ചാമ്പ്യൻസ് ട്രോഫി ടോപ് സ്കോററാകാനുള്ള സാധ്യതയുള്ള മറ്റൊരാള്‍ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണെന്ന് സൗത്തി പറഞ്ഞു. ഹെഡ് അപകടകാരിയായ കളിക്കാരനാണെന്നും പാകിസ്ഥാനിലെ പിച്ചുകള്‍ ഓസ്ട്രേലിയക്ക് അനുകൂലമായിരിക്കുമെന്നും സൗത്തി പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഹെഡ് സെഞ്ചുറി നേടിയിരുന്നു.
