മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ ടോസ് വൈകുന്നു. മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ മോശം കാലാവസ്ഥാണ് മത്സരം വൈകിപ്പിക്കുന്നത്. മഴ കാരണം ഇരുടീമുകളും പുറത്തിറങ്ങിയിട്ടില്ല. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. സതാംപ്ടണില്‍ നടന്ന ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ് ജയിച്ചിരുന്നു. മാഞ്ചസ്റ്ററില്‍ ജയിച്ച് ഒപ്പമെത്തുകയാണ് ആതിഥേയരുടെ ശ്രമം. 

നേരത്തെ മൂന്ന് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയിരുന്നത്. സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍, ഓലി റോബിന്‍സണ്‍ എന്നിവര്‍ ടീമിലെത്തിയുരുന്നു. മാര്‍ക്ക് വുഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍,  ജോ ഡെന്‍ലി എന്നിവരാണ് ടീമില്‍ നിന്ന് പുറത്തായത്. എന്നാല്‍ ടോസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജോഫ്ര ആര്‍ച്ചര്‍ പുറത്തായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതാണ് ആര്‍ച്ചര്‍ക്ക് വിനയായത്. കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുത്തു ക്രമീകരിച്ച പ്രത്യേക മേഖലയില്‍ നിന്ന് പുറത്തുകടന്നാണ് ആര്‍ച്ചര്‍ക്ക് വിനയായത്. സംഭവത്തില്‍ ആര്‍ച്ചര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നു.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട്(ക്യാപ്റ്റന്‍), ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്ലര്‍, ജാക് ക്രോളി, സാം കറന്‍, ഓലി പോപ്, ഓലി റോബിന്‍സണ്‍, ഡോം സിബ്ളി, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്.