ഓക്‌ലന്‍ഡ്:ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായിരുന്നു ട്രന്റ് ബോള്‍ട്ടിന്റെ പ്രകടനം. ബൗണ്ടറി ലൈനില്‍ ബെന്‍ സ്റ്റോക്‌സിന്റെ ക്യാച്ചെടുക്കുന്നതിനിടെ പറ്റിയ പിഴവ് ന്യൂസിലന്‍ഡിന് വിനയായി. ക്യാച്ചെടുത്തെങ്കിലും ലൈനില്‍ ചവിട്ടിയതിനാല്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. പിന്നാലെ അവസാന ഓവറില്‍ പന്തെടുത്തപ്പോള്‍ ഒരു സിക്‌സ് വിട്ടുനല്‍കുകയും ചെയ്തു.

ന്യൂസിലന്‍ഡ് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ബോള്‍ട്ട്. അദ്ദേഹത്തില്‍ നിന്ന് ഇങ്ങനെയൊരു പിഴവ് ആരാധകര്‍ പ്രതീക്ഷിച്ചുകാണില്ല. ഇപ്പോള്‍, പറ്റിപ്പോയ പിഴവിന് ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ബോള്‍ട്ട്. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബോള്‍ട്ട്.

''നിങ്ങളുടെ സ്വപ്‌നങ്ങള്‍ താഴെയിട്ടതിന് മാപ്പ്'' എന്ന് പറഞ്ഞാണ് ബോള്‍ട്ട് തുടങ്ങിയത്. ''രണ്ട് ദിവസത്തിനകം മറന്നുപോകുന്ന ഓര്‍മകളല്ല ലോകകപ്പ് നല്‍കിയത്. ഒരുപക്ഷേ രണ്ട് വര്‍ഷം കഴിഞ്ഞാലും ഫൈനലിലെ പ്രകടനം വേദനയായി അവശേഷിക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ താഴെയിട്ടതിന് മാപ്പ് ചോദിക്കുന്നു. 

ഏറെ നാളുകള്‍ക്ക് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. വളര്‍ത്തുനായയുമായി ബീച്ചിലൂടെ നടക്കണം. അവന് എന്നോട് ദേഷ്യമുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്...'' ബോള്‍ട്ട് വികാരധീനനായി പറഞ്ഞു നിര്‍ത്തി.