ലാംഗറുടെ ഹെഡ്‍മാസ്റ്റര്‍ ശൈലിയോട് മുതിര്‍ന്ന താരങ്ങൾക്ക് താത്പര്യമില്ല എന്നാണ് റിപ്പോർട്ടുകള്‍
സിഡ്‍നി: ട്രെവര്‍ ബെയ്‍ലിസ് (Trevor Bayliss) ഓസ്ട്രേലിയന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ (Australian Men's Cricket Team) പരിശീലകന്‍ ആയേക്കും. നിലവിലെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറിനെതിരെ (Justin Langer) ടീമിൽ അതൃപ്തി പുകയുന്നതായാണ് റിപ്പോര്‍ട്ട്
ആഷസില്‍ ഇംഗ്ലണ്ടിന് ഒരവസരവും നൽകാതെ പരമ്പര നേടിക്കഴിഞ്ഞു ഓസ്ട്രേലിയ. എന്നിട്ടും പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറുടെ കസേര ഇളകുന്ന മട്ടാണ്. ട്വന്‍റി 20യിൽ ആദ്യമായി ലോകചാമ്പ്യന്മാരാക്കിയ പരിശീലകനെങ്കിലും ലാംഗറുടെ ഹെഡ്‍മാസ്റ്റര്‍ ശൈലിയോട് മുതിര്‍ന്ന താരങ്ങൾക്ക് താത്പര്യമില്ല. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ അതൃപ്തി പരസ്യമായെങ്കിലും അനുനയചര്‍ച്ചകളിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയ ലാംഗറിന്‍റെ സ്ഥാനം സംരക്ഷിക്കുകയായിരുന്നു. എന്നാൽ ജൂണിൽ കരാര്‍ അവസാനിക്കുന്നതോടെ ലാംഗറിനെ കൈവിടാന്‍ ബോര്‍ഡ് നിര്‍ബന്ധിതമായേക്കും.
ലാംഗര്‍ തുടരുമോയെന്ന ചോദ്യത്തിൽ നിന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് പോയവാരം ഒഴിഞ്ഞുമാറിയതും ശ്രദ്ധേയം. കമ്മിന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇംഗ്ലണ്ട് മുന്‍ പരിശീലകന്‍ ട്രെവര്‍ ബെയ്‍ലിസിനോടാണ് താത്പര്യമെന്ന് അറിയുന്നു. 2015ലെ ആഷസ് പരമ്പരയും 2019ലെ ഏകദിന ലോകകപ്പും ഇംഗ്ലണ്ടിന് നേടിക്കൊടുത്ത ബെയ്‍ലിസ് ഐപിഎൽ അടക്കം നിരവധി ഫ്രാഞ്ചൈസി ലീഗുകളില്‍ പരിശീലകനാണ് ഇപ്പോള്‍. നിലവില്‍ ബിഗ് ബാഷ് ലീഗിലെ സിഡ്നി തണ്ടേഴ്സ് പരിശീലകനായതിനാല്‍ ഓസ്ട്രേലിയന്‍ സാഹചര്യങ്ങളുമായും പരിചിതന്‍.
ആഷസിന് ശേഷം കൂടിക്കാഴ്ചകളിലേക്ക് കടക്കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. ഈ വര്‍ഷം ഓസ്ട്രേലിയ വേദിയായ ട്വന്‍റി 20 ലോകകപ്പാകും പുതിയ പരിശീലകന് കീഴില്‍ കങ്കാരുപ്പടയുടെ ആദ്യ പ്രധാന വെല്ലുവിളി.
