രണ്ടാം സെഷന്‍റെ തുടക്കത്തിലെ റിയാന്‍ റിക്കിള്‍ടണയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ടിലൂടെ സ്റ്റബ്സും ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചു.

ഗുവാഹത്തി:ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന നിലയിലാണ്. 36 റണ്‍സോടെ ക്യാപ്റ്റൻ ടെംബാ ബാവുമയും 32 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സും ക്രീസില്‍. 38 റണ്‍സെടുത്ത ഏയ്ഡൻ മാര്‍ക്രത്തെ ആദ്യ സെഷനില്‍ നഷ്ടമായ ദക്ഷിണാഫ്രിക്കക്ക് രണ്ടാം സെഷന്‍റെ തുടക്കത്തിലെ റിയാന്‍ റിക്കിള്‍ടണയും നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ടിലൂടെ സ്റ്റബ്സും ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചു.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപ്പണിംഗ് വിക്കറ്റില്‍ 82 റണ്‍സ് കൂട്ടുകെട്ടിലൂടെ ഏയ്ഡന്‍ മാര്‍ക്രവും റിയാന്‍ റിക്കിള്‍ടണും മികച്ച തുടക്കം നല്‍കിയിരുന്നു. തുടക്കത്തിലെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മാര്‍ക്രം നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ രാഹുല്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ ആദ്യ ദിനം ചായക്ക് തൊട്ടു മുമ്പുള്ള ഓവറില്‍ 38 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചായക്ക് ശേഷം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കക്ക് അതേ സ്കോറില്‍ റിക്കിള്‍ടന്‍റെ വിക്കറ്റും നഷ്ടമായി. 35 റണ്‍സെടുത്ത റിക്കിള്‍ടണെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ക്യാപ്റ്റൻ റിഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കരുതലോടെ കളിച്ച ബാവുമയും സ്റ്റബ്സും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ദക്ഷിണാഫ്രിക്കയെ 150 കടത്തി.

View post on Instagram

പേസര്‍മാര്‍ക്ക് ആനുകൂല്യം കിട്ടുമെന്ന് കരുതിയ ആദ്യ മണിക്കൂറില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് ഭാഗ്യം ഇന്ത്യയെ തുണച്ചില്ല. പേസര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനാവാഞ്ഞതോടെ ക്യാപ്റ്റന്‍ റിഷഭ് പന്ത് സ്പിന്നര്‍മാരെ പന്തേല്‍പ്പിച്ചു. വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും മികച്ച ടേണ്‍ കണ്ടെത്തിയെങ്കിലും വിക്കറ്റ് വീഴ്ത്താനായിരുന്നില്ല.

View post on Instagram

നേരത്തെ രണ്ടാം ടെസ്റ്റിലും നിര്‍ണായക ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്.പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ അക്സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക