കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് പരാജയപ്പെടുത്തിയ മത്സരത്തില്‍, പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത സിജോമോന്‍ കളിയിലെ താരമായി. ഇത് കൊച്ചിയുടെ സീസണിലെ മൂന്നാം തോല്‍വിയാണ്.

തിരുവനന്തപുരം: ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്തും, പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയും ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഓള്‍റൗണ്ടര്‍ സിജോമോന്‍ ജോസഫിന്റെ റോയല്‍ പ്രകടനം. പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ സിജോമോന്‍, പിന്നീട് ബൗളിംഗിലും കളം നിറഞ്ഞതോടെ ട്രിവാന്‍ഡ്രം റോയല്‍സ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ആറാമനായി ക്രീസിലെത്തി പുറത്താകാതെ 37 പന്തില്‍ 56 റണ്‍സടിച്ച താരത്തിന്റെ ഓള്‍റൗണ്ട് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം 185 എന്ന മികച്ച സ്‌കോറിലേക്ക് കുതിച്ചെത്തിയത്.

സ്‌കോര്‍ബോര്‍ഡിന് അടിത്തറ പാകിയത് അക്ഷയ് മനോഹറും സിജോമോനും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. മികച്ച ഫോമില്‍ ബാറ്റുവീശിയ ഇരുവരും 40 പന്തില്‍ നിന്ന് 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 റണ്‍സെടുത്ത അക്ഷയിനെ സാലി സാംസണ്‍ മടക്കിയെങ്കിലും സിജോമോന്‍ സ്‌കോറിങ് വേഗം കുറച്ചില്ല. തുടര്‍ന്നെത്തിയ വിനോദ് കുമാറിനെ കൂട്ടുപിടിച്ച് ഡെത്ത് ഓവറുകളില്‍ അദ്ദേഹം റണ്ണടിച്ചുകൂട്ടി. കേവലം 26 പന്തില്‍ നിന്നാണ് ഈ സഖ്യം 44 റണ്‍സ് അടിച്ചെടുത്തത്.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കരുതലോടെ കളിച്ച സിജോമോന്‍ പതിനൊന്നാം ഓവറെറിഞ്ഞ മുഹമ്മദ് ആഷിഖിനെ ബൗണ്ടറി കടത്തിയാണ് തന്റെ അറ്റാക്കിങ് ഗെയിമിന് തുടക്കമിട്ടത്. 14-ാം ഓവറില്‍ ആഷിഖിനെതിരെ തുടര്‍ച്ചയായി രണ്ട് ഫോറുകള്‍ കൂടി പായിച്ച് റണ്‍റേറ്റ് ഉയര്‍ത്തി. ഈ ഓവറില്‍ മാത്രം 16 റണ്‍സാണ് പിറന്നത്. 15-ാം ഓവര്‍ എറിഞ്ഞ കൊച്ചിയുടെ ക്യാപ്റ്റന്‍ സാലി സാംസന്റെ രണ്ട് പന്തുകള്‍ തുടരെ അതിര്‍ത്തി കടത്തി. ഇന്നിങ്‌സിലെ അവസാന രണ്ട് പന്തുകള്‍ ഫോറും സിക്‌സും പറത്തി സ്‌കോര്‍ 185-ല്‍ എത്തിച്ചതിനൊപ്പം താരം തന്റെ അര്‍ദ്ധസെഞ്ചുറിയും ഗംഭീരമായി പൂര്‍ത്തിയാക്കി. രണ്ട് കൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു ഈ മാസ്മരിക ഇന്നിങ്‌സ്.

ബാറ്റിങ്ങിലെ ഹീറോയിസത്തിന് പിന്നാലെ പന്തുമായി എത്തിയപ്പോഴും സിജോമോന്‍ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയുയര്‍ത്തി. മൂന്ന് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ഈ ഓള്‍റൗണ്ടര്‍ പിഴുതത്. മൊഹമ്മദ് ഷാനു, ആല്‍ഫി ഫ്രാന്‍സിസ് എന്നിവരെ കൃത്യതയാര്‍ന്ന പന്തുകളിലൂടെ പവലിയനിലേക്ക് മടക്കിയ സിജോമോന്‍ ട്രിവാന്‍ഡ്രത്തിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറി.മത്സരത്തില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സിനെ 55 റണ്‍സിന് ട്രിവാന്‍ഡ്രം റോയല്‍സ് പരാജയപ്പെടുത്തി.

YouTube video player