കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് 165 റണ്‍സ് വിജയലക്ഷ്യം. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് 165 റണ്‍സ് വിജയലക്ഷ്യം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍സിനെ അഭിഷേക് നായര്‍ (36 പന്തില്‍ 53), വത്സല്‍ ഗോവിന്ദ് (47 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് സെയ്‌ലേഴ്‌സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകള്‍ സെയ്‌ലേഴ്‌സിന് നഷ്ടമായി. അഭിജിത് പ്രവീണ്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമായിരുന്നു റോയല്‍സിന്. വിഷ്ണു വിനോദ് (1) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. റണ്ണൗട്ടാവുകയായിരുന്നു താരം. സച്ചിന്‍ ബേബി 10 റണ്‍സെടുത്തും പുറത്തായതോടെ രണ്ടിന് 28 എന്ന നിലയിലായി സെയ്‌ലേഴ്‌സ്. എന്നാല്‍ നാലാം വിക്കറ്റില്‍ അഭിഷേക് - ഗോവിന്ദ് സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സെയ്‌ലേഴ്‌സിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 13-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. അഭിഷേകിനെ, അജിത് മടക്കി. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്.

പിന്നീട് സെയ്‌ലേഴ്‌സ് തകര്‍ച്ച നേരിട്ടു. സജീവന്‍ അഖില്‍ (5), ഷറഫുദീന്‍ (1), രാഹുല്‍ ശര്‍മ (10), അമല്‍ (0), ഏദന്‍ ആപ്പിള്‍ ടോം (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ വത്സല്‍ ഗോവിന്ദും മടങ്ങി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതാണ് ഗോവിന്ദിന്റെ ഇന്നിംഗ്‌സ്. ബിജു നാരായണന്‍ (2), വിജയ് വിശ്വനാഥ് (7) പുറത്താവാതെ നിന്നു. ആദ്യ മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ സെയ്‌ലേഴ്‌സ് ഇറങ്ങിയത്. റോയല്‍സ് ആദ്യ ജയം തേടിയും. ഇന്നലെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, വത്സല്‍ ഗോവിന്ദ്, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, രാഹുല്‍ ശര്‍മ, അമല്‍ എജി, ഈഡന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍, പവന്‍ രാജ്.

ട്രിവാന്‍ഡ്രം റോയല്‍സ്: കൃഷ്ണ പ്രസാദ് (ക്യാപ്റ്റന്‍), സുബിന്‍ എസ് (വിക്കറ്റ് കീപ്പര്‍), ഗോവിന്ദ് ദേവ് പൈ, റിയ ബഷീര്‍, അബ്ദുള്‍ ബാസിത്ത്, നിഖില്‍ എം, അജിത് വി, അഭിജിത്ത് പ്രവീണ്‍ വി, ബേസില്‍ തമ്പി, വിനില്‍ ടി എസ്, ഫാസില്‍ ഫാനൂസ്.

YouTube video player