കഴിഞ്ഞ സീസണില്‍ ഓരോ മത്സരത്തിനും 1800 ടിക്കറ്റുകളാണ് അസോസിയേഷന് സൗജന്യമായി നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ അത് 1000-1200 ആയി കുറച്ചിരുന്നു.
ജയ്പൂര്‍: രാജസ്ഥാന്‍ റോയൽസിനെതിരെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനി ഒത്തു കളി ആരോപണം ഉന്നയിച്ചതിന് പിന്നില്‍ മറ്റു ചിലകാരണങ്ങളെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ക്യാപിറ്റൽസിനും ലക്നൗ സൂപ്പര്‍ ജയന്‍റ്സിനുമെതിരായ അവസാന ഓവറിലെ തോല്‍വികള്‍ക്ക് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി ജയ്ദീപ് ബിഹാനി ഇന്നലെ രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഐപിഎല്‍ മത്സരങ്ങള്‍ക്കായി സൗജന്യ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് നല്‍കുന്ന സൗജന്യ ടിക്കറ്റുകളില്‍ രാജസ്ഥാന്‍ റോയല്‍സ് വലിയ തോതില്‍ കുറവ് വരുത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ഓരോ മത്സരത്തിനും 1800 ടിക്കറ്റുകളാണ് അസോസിയേഷന് സൗജന്യമായി നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ അത് 1000-1200 ആയി കുറച്ചിരുന്നു. ഇതാണ് അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍റെ ആരോപണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ പിരിച്ചുവിട്ടതിനാല്‍ അഡ്ഹോക് കമ്മിറ്റിക്കാണ് ഇപ്പോള്‍ ഭരണം. എന്നാല്‍ ഐപിഎല്‍ സീസണ്‍ തുടങ്ങും മുമ്പ് തന്നെ അസോസിയേഷന്‍ നിലവിലിത്താതിനാല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. അതോടെ അസോസിയേഷന് നല്‍കുന്ന സൗജന്യ ടിക്കറ്റുകളുടെ എണ്ണത്തില്‍ റോയല്‍സ് വലിയ തോതില്‍ കുറവു വരുത്തി. സൗജന്യ ടിക്കറ്റുകള്‍ അധികമായി വേണമെന്ന ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യം അംഗീകരിക്കാത്തതാണ് പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് രാജസ്ഥാന്‍ ടീമിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ബിഹാനിയുടെ ആരോപണങ്ങള്‍ റോയല്‍സ് തള്ളിക്കളഞ്ഞതിന് പുറമെ ബിസിസിഐയും അസോസിയേഷന്‍റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിലവിലില്ലെന്നും അസോസിയേഷനിലെ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ എല്ലാവരുടെയും ശ്രദ്ധനേടാന്‍ നടത്തുന്ന നാടകമാണിതെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. ഒത്തുകളി ആരോപണം തടയാന്‍ ബിസിസിഐ അഴിമതി വിരുദ്ധസമിതി 24*7 അടിസഥാനത്തില്‍ ജാഗരൂഗകാണെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.
ഈ സീസണില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ടീമിനെതിരെ ഒത്തുകളി ആരോപണവും ഉന്നയിച്ചത്.
