നെഞ്ചില്‍ തീയാളി ഹാര്‍ദിക് പാണ്ഡ്യ; രണ്ട് താരങ്ങളുടെ കാര്യത്തില്‍ കടുംവെട്ട് വേണ്ടിവരുമോ?
മുമ്പ് കെ എല്‍ രാഹുല്‍ നേരിട്ട അതേ ചോദ്യമാണ് ശുഭ്‌മാന്‍ ഗില്ലിന് നേരെ ഉയരുന്നത്

ലഖ്‌നൗ: റാഞ്ചിയിലെ ആദ്യ ട്വന്‍റി 20യില്‍ 21 റണ്‍സിന് തോറ്റതോടെ ലഖ്‌നൗവിലെ രണ്ടാം മത്സരം ടീം ഇന്ത്യക്ക് നിര്‍ണായകമായിരിക്കുകയാണ്. മൂന്ന് ടി20കളുടെ പരമ്പരയിലെ ജീവന്‍മരണ പോരാട്ടത്തിന് ലഖ്‌നൗവില്‍ പോരാട്ടത്തിന് ഇറങ്ങും മുമ്പ് രണ്ട് പ്രധാന പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിഹരിക്കേണ്ടതുണ്ട്. ടി20യില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിലും പേസര്‍ അര്‍ഷ്‌ദീപ് സിംഗിലും വിശ്വാസം തുടരണോ എന്നതാണ് ഹാര്‍ദിക്കിന് മുന്നിലുള്ള ചോദ്യം.
മുമ്പ് കെ എല്‍ രാഹുല്‍ നേരിട്ട അതേ ചോദ്യമാണ് ശുഭ്‌മാന്‍ ഗില്ലിന് നേരെ ഉയരുന്നത്. ഏകദിനത്തില്‍ സ്വപ്‌ന ഫോമില്‍ കളിക്കുമ്പോഴും കുട്ടി ക്രിക്കറ്റില്‍ ഗില്ലിന്‍റെ പ്രഹരശേഷി അത്ര പോരാ. പകരം അവസരം കാത്തിരിക്കുന്ന പൃഥ്വി ഷാ ആവട്ടെ പവര്‍പ്ലേ മുതലാക്കാന്‍ പോന്ന മുതലും. ഇതോടെ ആരെ ലഖ്‌നൗവില്‍ കളിപ്പിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ശുഭ്‌മാന്‍ ഗില്ലിനാകും പ്രഥമ പരിഗണന എന്ന് നേരത്തെ ആദ്യ ട്വന്‍റി 20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. പവര്‍പ്ലേയില്‍ 119.92 മാത്രമാണ് ഗില്ലിന്‍റെ സ്ട്രൈക്ക് റേറ്റ്. അതേസമയം പൃഥ്വി ഷായുടെ സ്ട്രൈക്ക് റേറ്റ് 152.34 ആണ്.
നോബോളുകളും അടിവാങ്ങിക്കൂട്ടിയും തലവേദന സൃഷ്‌ടിക്കുന്ന അര്‍ഷ്‌ദീപ് സിംഗാണ് മറ്റൊരു ആശങ്ക. കരിയറിന്‍റെ തുടക്കത്തില്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറായി പേരെടുത്ത താരമിപ്പോള്‍ നിയന്ത്രണമേതുമില്ലാതെ പന്തെറിയുകയാണ്. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പിന് ശേഷം 11.10ലേക്ക് ഉയര്‍ന്നു താരത്തിന്‍റെ ഇക്കോണമി. നോബോളുകളാണ് അര്‍ഷിന് വലിയ ഭീഷണി. കിവികള്‍ക്കെതിരെ ആദ്യ ട്വന്‍റി 20യില്‍ അര്‍ഷ് നാല് ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്. അവസാന ഓവറില്‍ മാത്രം 27 റണ്‍സ് ഒരു നോബോളും മൂന്ന് സിക്‌സറും സഹിതം വിട്ടുകൊടുത്തു. അര്‍ഷ്‌ദീപിന് പകരം മുകേഷ് കുമാറിന് ഇന്ത്യ അവസരം നല്‍കുമോ ലഖ്‌നൗവില്‍ എന്നത് ആകാംക്ഷ സൃഷ്ടിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് മുകേഷ് കുമാര്‍.