സ്‌പോട്ട് ഫിക്‌സിങ് നടത്തിയ മൂന്ന് ഹോങ്‌കോങ് ക്രിക്കറ്റ് താങ്ങള്‍ക്ക് ഐസിസിയുടെ അച്ചടക്ക നടപടി. ഇതില്‍ രണ്ട് പേരെ ആജീവനാന്തമായും ഒരു താരത്തെ അഞ്ച് വര്‍ഷത്തേക്കും ഐസിസി വിലക്കി.

ദുബായ്: സ്‌പോട്ട് ഫിക്‌സിങ് നടത്തിയ മൂന്ന് ഹോങ്‌കോങ് ക്രിക്കറ്റ് താങ്ങള്‍ക്ക് ഐസിസിയുടെ അച്ചടക്ക നടപടി. ഇതില്‍ രണ്ട് പേരെ ആജീവനാന്തമായും ഒരു താരത്തെ അഞ്ച് വര്‍ഷത്തേക്കും ഐസിസി വിലക്കി. ഇര്‍ഫാന്‍ അഹമ്മദ്, നദീം അഹമ്മദ് എന്നീ താരങ്ങള്‍ക്കാണ് ആജീവനാന്ത വിലക്ക്. ഹസീബ് അംജദിന് അഞ്ച് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.

മൂന്ന് താരങ്ങളും മത്സരം ഫിക്‌സ് ചെയ്യുകയോ അല്ലെങ്കില്‍ ദുരാലോചന നടത്തിയെന്നോ ഐസിസി കണ്ടെത്തി. സ്‌കോട്ട്‌ലന്‍ഡ്, കാനഡ എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ മൂവരും സ്‌പോട്ട് ഫിക്‌സിങ് നടത്തിയെന്ന് ഐസിസി കണ്ടെത്തുകയായിരുന്നു. ഇര്‍ഫാന്‍ അഹമ്മദിന്റെ പേരില്‍ ഒമ്പത് കുറ്റങ്ങളാണുള്ളത്. ബാക്കി രണ്ട് താരങ്ങളുടെ പേരില്‍ മൂന്ന് വീതം കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടിട്ടുണ്ട്.

സ്‌പോട്ട് ഫിക്‌സിങ് നടത്തിയെങ്കിലും ഈ രണ്ട് മത്സരത്തിലും ഹോങ്‌കോങ് വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ മൂവരുടെയും ചെയ്തികള്‍ മത്സരത്തെ ബാധിച്ചിട്ടില്ല. മറ്റ് ചില മത്സരങ്ങളിക്കൂടി ഇവര്‍ സ്‌പോട്ട് ഫിക്‌സിംഗ് നടത്തിയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യത്തിലും ഐസിസി അന്വേഷണം നടത്തും.