ജൊഹാനസ്ബര്‍ഗ്: അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സ്വപ്ന സെമി. ക്വാര്‍ട്ടറില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്താണ് പാക്കിസ്ഥാന്‍ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 49.1 ഓവറില്‍ 189 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ പാക്കിസ്ഥാന്‍ 41.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഓപ്പണര്‍ ഫര്‍ഹാന്‍ സാക്കില്‍(40), റഹ്മാനുള്ള(29), ആബിദ് മൊഹമ്മദലി(28), അബ്ദുള്‍ റഹ്മാന്‍(30) എന്നിവരാണ് അഫ്ഗാന്‍ നിരയില്‍ ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പാക്കിസ്ഥാനായി മൊഹമ്മദ് ആമിര്‍ ഖാന്‍ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ മൊഹമ്മദ് ഹുറൈറയുടെ(64) അര്‍ധസെഞ്ചുറി പാക്കിസ്ഥാന് കാര്യങ്ങള്‍ എളുപ്പമാക്കി. ഓപ്പണര്‍ ഹൈദര്‍ അലി(28), മൊഹമ്മദ് ഹാസിര്(29*), ഖാസിം അക്രം(25*) എന്നിവരും ബാറ്റിംഗില്‍ പാക്കിസ്ഥാനായി തിളങ്ങി. ചൊവ്വാഴ്ചയാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സെമി പോരാട്ടം. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ നേരിടും.