ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ (U19 India) നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 38.2 ഓവറില്‍ എല്ലാവരും പുറത്തായി.

ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യകപ്പ് (ACC U19 Asia Cup 2021) ക്രിക്കറ്റില്‍ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍. ബംഗ്ലാദേശിനെ 103 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ യുവനിര കലാശപ്പോരിന് യോഗ്യത നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ (U19 India) നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 38.2 ഓവറില്‍ എല്ലാവരും പുറത്തായി. മറ്റൊരു സെമിയില്‍ ശ്രീലങ്ക, പാകിസ്ഥാനെ 22 റണ്‍സിന് തോല്‍പ്പിച്ചു. 31ന് ദുബായിലാണ് ഫൈനല്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. 21.5 ഓവറില്‍ മൂന്നിന് 62 എന്ന നിലയിലായിരുന്നു ഇന്ത്യ. ഒാപ്പണ്‍മാരായ ആന്‍ഗ്രിഷ് രഘുവന്‍ഷി (16), ഹര്‍നൂര്‍ സിംഗ് (15), നാലാമനായി എത്തിയ നിശാന്ത് സിദ്ദു (5) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. എന്നാല്‍ ഒരുവശത്ത് പിടിച്ചുനിന്ന ഷെയ്ഖ് റഷീദിലൂടെ ( 108 പന്തില്‍ പുറത്താവാതെ 90) ഇന്ത്യ കരകയറി. യഷ് ദുല്‍ (26), രാജ് ബാവ (23) എന്നിവര്‍ ചെറിയ പിന്തുണ നല്‍കി. 

ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ കുശാല്‍ താംമ്പെ (3), ആദിത്യ യാദവ് (8) എന്നിവര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബൗളര്‍മാരായ രാജ്യവര്‍ദ്ധന്‍ ഹംഗര്‍ഗേക്കര്‍ (16), വിക്കി ഒസ്ത്വാള്‍ (18 പന്തില്‍ പുറത്താവാതെ 28) എന്നിവരെ കൂട്ടുപിടിച്ച് റഷീദ് മാന്യമായ സ്‌കോറിലെത്തിച്ചു. 

റാകിബുള്‍ ഹസന്‍ ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് നിരയില്‍ ആരിഫുല്‍ ഇസ്ലാം (42) മാത്രമാണ് തിളങ്ങിയത്. ഓപ്പണര്‍ മഹ്ഫിജുല്‍ ഇസ്ലാം 26 റണ്‍സെടുത്തു. ഇന്ത്യക്കായി ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബാവ, ഒസ്ത്വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിദ്ദു, താംബെ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

ദുബായില്‍ പാകിസ്ഥാനെതിരെ 22 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 147ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് 49.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. ട്രവീണ്‍ മാത്യൂ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി.