യുഎഇക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ ആംഗ്രിഷ് രഘുവംശിയെ(2) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഷെയ്ഖ് റഷീദിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹര്‍നൂര്‍ സിംഗ് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു.
ദുബായ്: അണ്ടര്‍-19 ഏഷ്യാ കപ്പ്(U19 Asia Cup) ഏകദിന ക്രിക്കറ്റില്‍ യുഎഇക്കെതിരെ(IND v UAE) ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ 154 റണ്‍സിനാണ് യുഎഇയെ ഇന്ത്യ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ ഹര്‍നൂര്‍ സിംഗിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ യാഷ് ധുള്ളിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തപ്പോള്‍ യുഎഇ 34.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി.
യുഎഇക്കെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ഓപ്പണര്‍ ആംഗ്രിഷ് രഘുവംശിയെ(2) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഷെയ്ഖ് റഷീദിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഹര്‍നൂര്‍ സിംഗ് ഇന്ത്യക്ക് മികച്ച സ്കോറിനുള്ള അടിത്തറയിട്ടു. 35 റണ്‍സെടുത്ത ഷെയ്ഖ് റഷീദ് പുറത്തായശേഷം ക്യാപ്റ്റന്‍ യാഷ് ധുള്ളുമൊത്ത് സെഞ്ചുറി കൂട്ടുകെട്ടിലും ഹര്‍നൂര്‍ പങ്കാളിയായി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 119 റണ്‍സടിച്ചു.
സെഞ്ചുറിക്ക് പിന്നാലെ ഹര്‍നൂര്‍(120) പൂറത്തായശേഷം യാഷ് ധുള്ളിനൊപ്പം(63)ഫിനിഷറായി എത്തി തകര്‍ത്തടിച്ച രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍(23 പന്തില്‍ 48*) ഇന്ത്യന്‍ സ്കോര്‍ 282 റണ്‍സിലെത്തിച്ചു.
മറുപടി ബാറ്റിംഗില്‍ ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും യഎഇക്ക് മാന്യമായ തോല്‍വി പോലും ഉറപ്പാക്കാനായില്ല. ഓപ്പണര്‍ കെയ് സ്മിത്ത്(45), ധ്രുവ് പരഷ്കര്‍(19), സൂര്യ സതീഷ്(21), ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫു(13) എന്നിവര്‍ മാത്രമെ യുഎഇ നിരയില്‍ രണ്ടക്കം കടന്നുള്ളു.
ഇന്ത്യക്കായി രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗര്‍വ് സങ്‌വാന്‍, വിക്കി ഓട്സ്വാള്‍, കൗശല്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്ന് നടന്ന മറ്റ് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന്‍ നാല് വിക്കറ്റ് ജയം നേടിയപ്പോള്‍ കുവൈറ്റിനെ ശ്രീലങ്ക 274 റണ്‍സിന് തോല്‍പ്പിച്ചു. ശനിയാഴ്ച പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.
