ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജപ്പാനെ 22.5 ഓവറില്‍ 41 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി. 18 പന്തില്‍ 29 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 11 പന്തില്‍13 റണ്‍സെടുത്ത കുമാര്‍ കുശാഗ്രയും ഇന്ത്യന്‍ ജയം അനായാസമാക്കി.

ജപ്പാന്‍ നേടിയ 41 റണ്‍സില്‍ 19 എണ്ണം എക്സ്ട്രാ ആയിരുന്നു. ജപ്പാന്‍ നിരയില്‍ ഒറു ബാറ്റ്സ്മാന്‍ പോലും രണ്ടക്കം കാണാതിരുന്നപ്പോള്‍ അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായി. ഏഴ് റണ്‍സ് വീതമെടുത്ത ഓപ്പണര്‍ ഷൂ നഗൗച്ചിയും കെന്റ ഓട്ട ഡോബെല്ലുമാണ് ജപ്പാന്റെ ടോപ് സ്കോററര്‍മാര്‍.

ഇന്ത്യക്കായി കാര്‍ത്തിക് ത്യാഗി മൂന്നും രവി ബിഷ്ണോയ് നാലും ആകാശ് സിംഗ് രണ്ടും വിക്കറ്റെടുത്തു. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചിരുന്നു. ജയത്തോടെ ഗ്രൂപ്പ് എയില്‍ നാലു പോയന്റുമായി ഇന്ത്യ മുന്നിലെത്തി. 24ന് ന്യൂസിലന്‍ഡിനെതിരായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.