55 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്.
ഡാര്‍വിൻ: ഓസ്ട്രേലിയൻ മണ്ണിലേക്ക് 23 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ആതിഥേയരെ എറിഞ്ഞിട്ട് ഞെട്ടിച്ചു. ഡാർവിനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്‍റെ ഒന്നാം ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ198 റൺസിന് പുറത്താക്കിയാണ് ഞെട്ടിച്ചത്. 71 റൺസെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റൺസെന്ന ശക്തമായ നിലയിലാണ്. 35 റണ്‍സോടെ മൊനിമുള്‍ ഹഖും 32 റണ്‍സോടെ തന്‍സിദ് ഹസന്‍ തമീമും ക്രീസിൽ. 20 റണ്‍സെടുത്ത ഷദ്മാന്‍ ഇസ്ലാം ആണ് പുറത്തായത്. 9 വിക്കറ്റ് ശേഷിക്കെ ഓസീസ് സ്കോറിനൊപ്പമെത്താൻ ബംഗ്ലാദേശിന് 102 റണ്‍സ് കൂടി മതി.
55 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ഹസൻ മഹ്മൂദിന് പുറമെ ടസ്കിൻ അഹമ്മദും ഇബാദത്ത് ഹുസൈനും മികച്ച പിന്തുണ നൽകി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ വെറും 53 ഓവറിലാണ് ബംഗ്ലാദേശ് എറിഞ്ഞൊതുക്കിയത്. ഓപ്പണമാരായ ട്രാവിസ് ഹെഡും(22), ജാക് വെതാറള്‍ഡും(23) ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 45 റണ്‍സെടുത്ത് ഭേദപ്പെട്ട തുടക്കം നല്‍കിയശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്.
ജാക്ക് വെതറാൾഡ് (23), ട്രാവിസ് ഹെഡ് എന്നിവരെ തുടർച്ചയായ ഓവറുകളിൽ മടക്കി ഹസൻ മഹ്മൂദാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മാർനസ് ലബുഷെയ്ൻ(1), കാമറൂൺ ഗ്രീൻ(13) എന്നിവർക്കും നിലയുറപ്പിക്കാനായില്ല. ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ ഒന്നാം ഇന്നിംഗ്സ് സ്കോറാണിത്. 2017ൽ മിര്‍പൂരില്‍ 217 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍.
