ദുബായ്: ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ റോബിന്‍ സിംഗിനെ ക്രിക്കറ്റ് ഡയറക്‌ടറായി നിയമിച്ച് യുഎഇ ക്രിക്കറ്റ് ബോര്‍ഡ്. മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ഡഗീ ബ്രൗണിനെ നീക്കിയതിന് പിന്നാലെയാണ് റോബിന്‍ സിംഗിന്‍റെ നിയമനമെന്ന് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷ്-സ്‌കോട്‌ലന്‍ഡ് മുന്‍ ഓള്‍റൗണ്ടറായ ബ്രൗണ്‍ മൂന്ന് വര്‍ഷത്തോളം യുഎഇ ടീമിന്‍റെ പരിശീലകനായിരുന്നു. 2017 മെയ് മാസത്തിലാണ് സ്ഥാനമേറ്റത്.  

പരിശീലകനായി നീണ്ടകാലത്തെ അനുഭവപരിചയവും റോബിന്‍ സിംഗിനുണ്ട്. ഹോങ്കോംഗ്, യുഎസ്എ ടീമുകളെ പരിശീലിപ്പിച്ച റോബിന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സഹപരിശീലകനായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസിനൊപ്പവും യുഎഇയിലെ ടി10 ലീഗിലും റോബിന്‍ സിംഗിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലകസ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നയാളാണ് റോബിന്‍ സിംഗ്. 

ഇന്ത്യക്കായി 1989നും 2001നും ഇടയിലായി ഒരു ടെസ്റ്റിലും 136 ഏകദിനങ്ങളിലും റോബിന്‍ സിംഗ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 2236 റണ്‍സും 69 വിക്കറ്റും നേടിയ മുന്‍താരം മികച്ച ഫീല്‍ഡിംഗ് കൊണ്ടും ശ്രദ്ധേയനായി. 2007 മുതല്‍ രണ്ട് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് കോച്ചായിരുന്നു. ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിംഗ് നിലവാരം വര്‍ധിപ്പിച്ച പരിശീലകരില്‍ പ്രധാനിയാണ് റോബിന്‍ സിംഗ്. ഇന്ത്യന്‍ അണ്ടര്‍ 19- എ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.