നേരത്തെ ഉമര്‍ അക്മല്‍ തെറ്റിന് ക്ഷമ ചോദിച്ചിരുന്നു. 31കാരനായ താരം 16 ടെസ്റ്റിലും 121 ഏകദിനത്തിലും 84 ട്വന്റി 20യിലും പാകിസ്ഥാന് വേണ്ടി കളിച്ചിരുന്നു.

ഇസ്ലാമാബാദ്: വിലക്ക് മാറി പാകിസ്ഥാന്‍ താരം ഉമര്‍ അക്മല്‍ ക്രിക്കറ്റിലേക്ക് തിരികെയെത്തുന്നു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ വാതുവയ്പ്പ് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിന് ഒരു വര്‍ഷമായി വിലക്ക് നേരിടുന്ന ഉമര്‍ അക്മല്‍ പ്രാദേശിക ലീഗില്‍ സെന്‍ട്രല്‍ പഞ്ചാബിനായി കളിക്കുമെന്ന് പിസിബി അംഗം അറിയിച്ചു. 

നേരത്തെ ഉമര്‍ അക്മല്‍ തെറ്റിന് ക്ഷമ ചോദിച്ചിരുന്നു. 31കാരനായ താരം 16 ടെസ്റ്റിലും 121 ഏകദിനത്തിലും 84 ട്വന്റി 20യിലും പാകിസ്ഥാന് വേണ്ടി കളിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്കായിരുന്നു താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ താരം അപ്പീല്‍ നല്‍കിയിരുന്നു. പിന്നീട് വിലക്ക് 18 മാസമായി കുറച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അക്മലിന് വിലക്കേര്‍പ്പെടുത്തുന്നത്. 

ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്നതില്‍ നിന്ന് പിസിബി ഉമറിനെ വിലക്കിയിരുന്നു. തുടര്‍ന്ന് പാക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

മാര്‍ച്ച് 31ന് മുമ്പ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കണ്ടെന്ന തീരുമാനത്തില്‍ അക്മല്‍ ഉറച്ചു നിന്നു. ഇതോടെ പിസിബി തീരുമാനം അച്ചടക്ക സമിതിക്ക് വിടുകയായിരുന്നു.