അഞ്ച് സിക്സുകള്‍ സഹിതം 31 റണ്‍സെടുത്ത പേസര്‍ ഉമേഷ് യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിനും റാഞ്ചി വേദിയായിരുന്നു

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ റാഞ്ചി ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങളില്‍ ബാറ്റ് കൊണ്ട് രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയും മാത്രമല്ല അത്ഭുതം കാട്ടിയത്. 10 പന്തില്‍ അഞ്ച് സിക്സുകള്‍ സഹിതം 31 റണ്‍സെടുത്ത ഉമേഷ് യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിനും റാഞ്ചി വേദിയായി. ഇതോടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പമാണ് ഉമേഷ് ഇടംപിടിച്ചത്. 

ജോര്‍ജ് ലിന്‍ഡക്കെതിരെ നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തിയാണ് ഉമേഷ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിന്‍ഡീസ് മുന്‍താരം ഫോഫി വില്യംസുമാണ് നേരത്തെ ടെസ്റ്റ് ക്രിക്കറ്റില്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തിയ താരങ്ങള്‍. വില്യംസ് ഇംഗ്ലണ്ട് താരം ജിം ലാക്കറിനെതിരെ 1948ലും സച്ചിന്‍ ഓസീസ് സ്‌പിന്നര്‍ നേഥന്‍ ലിയോണിനെതിരെയുമാണ് ആദ്യ രണ്ട് പന്തുകളില്‍ സിക്സര്‍ നേടിയത്. 

റാഞ്ചിയില്‍ ഉമേഷ് യാദവ് പറത്തിയ അഞ്ച് സിക്‌സുകളും ലിന്‍ഡെയ്‌ക്ക് എതിരെയായിരുന്നു. 310 ആണ് ഉമേഷ് യാദവിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ കുറഞ്ഞത് 25 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണിത്. 

Scroll to load tweet…