വില്യംസണെ വേഗം പുറത്താക്കിയാലെ മത്സരത്തില്‍ ആധിപത്യം നേടാനാവു. വില്യംസന്‍റെ മികവിനെക്കുറിച്ച് ഞങ്ങളെല്ലാം ബോധവാന്‍മാരാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗില്‍ അധികം പിഴവുകളൊന്നും കണ്ടെത്താനാവില്ല.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അടുത്ത മാസം 18ന് ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാകുക കിവീസ് നായകന്‍ കെയ്ന്‍ വില്യംസണായിരിക്കുമെന്ന് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. കെയ്ന്‍ വില്യംസണെ എത്രയും വേഗം പുറത്താക്കുക എന്നതാകും ഇന്ത്യന്‍ ടീമിന്‍റെ ലക്ഷ്യമെന്നും ഉമേഷ് ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വില്യംസണെ വേഗം പുറത്താക്കിയാലെ മത്സരത്തില്‍ ആധിപത്യം നേടാനാവു. വില്യംസന്‍റെ മികവിനെക്കുറിച്ച് ഞങ്ങളെല്ലാം ബോധവാന്‍മാരാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗില്‍ അധികം പിഴവുകളൊന്നും കണ്ടെത്താനാവില്ല. പക്ഷെ എത്ര മികച്ച ബാറ്റ്സ്മാനായാലും ഒരു മികച്ച പന്തില്‍ പുറത്താവും. അതുകൊണ്ടുതന്നെ വില്യംസണെ എത്രയും വേഗം പുറത്താക്കി മത്സരത്തില്‍ ആധിപത്യം നേടാനാവും ഇന്ത്യ ശ്രമിക്കുകയെന്നും ഉമേഷ് യാദവ് പറഞ്ഞു.

അടുത്തമാസം 18നാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സതാംപ്ടണില്‍ തുടക്കമാവുക. ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിച്ചശേഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത് എന്നത് അവര്‍ക്ക് അധിക ആനുകൂല്യമാണ്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുശേഷം ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona