ക്യാച്ച് ക്ലീനാണോ എന്ന് സംശയം തോന്നിയതിനെ തുടർന്ന് ഫീൽഡ് അമ്പയർമാർ തീരുമാനം ടിവി അമ്പയർക്ക് വിട്ടു. സ്ലോ-മോഷൻ റിപ്ലേകളിൽ പന്ത് ജുറെൽ കൈയിലൊതുക്കുമ്പോൾ ഗ്രൗണ്ടിൽ തട്ടുന്നതായി വ്യക്തമായിരുന്നു.
ഗാലെ: ഇന്ത്യ-ശ്രീല ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനം ശ്രീലങ്കൻ ഓപ്പണര്‍ ലഹിരു ഉദാരയെ പുറത്താക്കാൻ ഇന്ത്യൻ താരം ധ്രുവ് ജുറെല്‍ എടുത്ത ക്യാച്ചിനെ ചൊല്ലി വിവാദം. ധ്രുവ് ജുറെൽ എടുത്ത ക്യാച്ച് സംശയാസ്പദമായിട്ടും ടിവി അമ്പയർ കൂടുതല്‍ പരിശോധനകളില്ലാതെ ഔട്ട് വിധിച്ചതാണ് ലങ്കൻ നിരയെയും ആരാധകരെയും ഒരേപോലെ ഞെട്ടിച്ചത്. ശ്രീലങ്കൻ ഇന്നിംഗ്സിന്‍റെ 22-ാം ഓവറിലായിരുന്നു സംഭവം.
മാനവ് സുതാർ എറിഞ്ഞ പന്തിൽ ലഹിരു ഉദാര നൽകിയ അവസരം ധ്രുവ് ജുറെൽ മുന്നോട്ട് ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. എന്നാൽ ക്യാച്ച് ക്ലീനാണോ എന്ന് സംശയം തോന്നിയതിനെ തുടർന്ന് ഫീൽഡ് അമ്പയർമാർ തീരുമാനം ടിവി അമ്പയർക്ക് വിട്ടു. സ്ലോ-മോഷൻ റിപ്ലേകളിൽ പന്ത് ജുറെൽ കൈയിലൊതുക്കുമ്പോൾ ഗ്രൗണ്ടിൽ തട്ടുന്നതായി വ്യക്തമായിരുന്നു. എന്നാൽ റിപ്ലേകൾ വിശദമായിപരിശോധിക്കാൻ നില്‍ക്കാതെ മൂന്നാം അമ്പയർ ബിഗ് സ്‌ക്രീനിൽ ഔട്ട് വിളിച്ചത് ലങ്കൻ താരങ്ങളെ ഞെട്ടിച്ചു.
ആദ്യം ക്രീസ് വിടാന്‍ വിസമ്മതിച്ച ലഹിരു ഉദാര ടിവി അമ്പയറുടെ തീരുമാനം വന്നതിന് പിന്നാലെ 58 പന്തിൽ 16 റൺസുമായി നിരാശയോടെ മടങ്ങി. കമന്‍ററി ബോക്സിലുണ്ടായിരുന്ന മുൻ ശ്രീലങ്കൻ താരം റസ്സൽ ആർനോൾഡ് അമ്പയറുടെ തീരുമാനത്തെ പരസ്യമായി വിമർശിച്ചു. പന്ത് ഗ്രൗണ്ടിൽ തട്ടുന്നത് വ്യക്തമായി കാണാമായിരുന്നുവെന്നും തന്‍റെ അഭിപ്രായത്തിൽ അത് ഔട്ടല്ലെന്നും ഉദാര തുടർന്നും ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്നും അര്‍നോള്‍ഡ് പറഞ്ഞു.
രണ്ടാം ഇന്നിംഗ്സിൽ 193 റൺസിന് പുറത്തായ ഇന്ത്യ, ശ്രീലങ്കയ്ക്ക് മുന്നിൽ 372 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്. 69 പന്തിൽ 66 റൺസ് നേടിയ റിഷഭ് പന്താണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. ടെസ്റ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ ബാറ്ററെന്ന ചരിത്ര നേട്ടവും പന്ത് ഈ ഇന്നിംഗ്സിലൂടെ സ്വന്തമാക്കി. 372 റൺസ് പിന്തുടരുന്ന ശ്രീലങ്കയ്ക്ക് നാലാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ആറ് വിക്കറ്റ് ശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാൻ 288 റൺസ് കൂടി വേണം; ഇന്ത്യക്ക് പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താൻ 6 വിക്കറ്റുകളും. ഇന്ത്യക്കായി മാനവ് സുതാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
