ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത വരുണിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ തൂക്കിയടിക്കാനുള്ള ഹെഡിന്‍റെ ശ്രമം ലോംഗ് ഓഫില്‍ ശുഭ്മാൻ ഗില്ലിന്‍റെ കൈകളിലെത്തി.

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനെ ക്യാച്ചെടുത്ത് പുറത്താക്കിയ ഇന്ത്യൻ താരം ശുഭ്മാന്‍ ഗില്ലിനെ താക്കീത് ചെയ്ത് അമ്പയര്‍. തുടക്കത്തില്‍ മുഹമ്മദ് ഷമി ഹെഡ് നല്‍കിയ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. പിന്നീട് തകര്‍ത്തടിക്കാന്‍ തുടങ്ങിയ ഹെഡ് രണ്ട് സിക്സും അഞ്ച് ഫോറുമായി ഇന്ത്യക്ക് ഭീഷണിയായി ക്രീസില്‍ നിലയുറപ്പിക്കുമ്പോഴാണ് വരുണ്‍ ചക്രവര്‍ത്തിയെ പന്തെറിയാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിളിക്കുന്നത്.

ന്യൂസിലന്‍ഡിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റെടുത്ത വരുണിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ തൂക്കിയടിക്കാനുള്ള ഹെഡിന്‍റെ ശ്രമം ലോംഗ് ഓഫില്‍ ശുഭ്മാൻ ഗില്ലിന്‍റെ കൈകളിലെത്തി. അനായാസം ക്യാച്ച് കൈയിലൊതുക്കിയ ഗില്‍ ഉടന്‍ പന്ത് അമ്പയര്‍ക്ക് നേരെ എറിയുകയും ചെയ്തു. ഇതാണ് അമ്പയര്‍ താക്കീത് നല്‍കാന്‍ കാരണമായത്. ക്യാച്ച് പൂര്‍ത്തിയാക്കിയെങ്കിലും പന്ത് കൈയില്‍ വെക്കാതെ വലിച്ചെറിഞ്ഞാല്‍ ക്യാച്ച് അനുവദിക്കാനാവില്ലെന്ന് അമ്പയര്‍ വ്യക്തമാക്കി. ഓടിവന്നാണ് ഗില്‍ ക്യാച്ചെടുത്തതെന്ന് എന്നതിനാല്‍ പന്ത് കൈയില്‍ നിന്ന് പിന്നീടും താഴെ പോവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലാണ് അമ്പയര്‍ ഗില്ലിനെ താക്കീത് ചെയ്തത്.

Scroll to load tweet…

എന്താണ് ക്യാച്ച് സംബന്ധിച്ച് എംസിസി നിയമത്തില്‍ പറയുന്നത്. പന്ത് ആദ്യം ഫീൽഡറുടെ ശരീരത്തിൽ തൊടുന്ന നിമിഷം മുതൽ ക്യാച്ച് ആരംഭിക്കുകയും ഫീൽഡർക്ക് പന്തിലും സ്വന്തം ചലനത്തിലും പൂർണ്ണ നിയന്ത്രണം ലഭിക്കുമ്പോൾ അവസാനിക്കുകയും വേണമെന്നാണ് എംസിസി നിയമത്തില്‍ ക്യാച്ചിനെക്കുറിച്ച് പറയുന്നത്. ഗില്‍ ഓടിവന്നാണ് ക്യാച്ച് എടുത്തതെന്നതിനാലാണ് അമ്പയര്‍ താക്കീത് നല്‍കിയത്. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് 33 പന്തില്‍ 39 റണ്‍സടിച്ചാണ് വീണത്.

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരങ്ങളിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ച്, കാരണമറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക