ജൊഹാനസ്ബര്‍ഗ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിൽ സെമി തേടി ഇന്ത്യ ഇന്നിറങ്ങും. ഓസ്ട്രേലിയയാണ് എതിരാളികള്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഒറ്റക്കളിയും തോൽക്കാതെയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ക്വാട്ടർറിലെത്തിയത്.

മൂന്ന് കളിയിൽ പത്ത് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ രവി ബിഷ്ണോയി, ബാറ്റ്സ്മാൻമാരായ യശസ്വീ ജയ്സ്വാൾ, ദിവ്യനാഷ് സക്സേന, ക്യാപ്റ്റൻ പ്രിയം ഗാർഗ് എന്നിവരുടെ പ്രകടനം ഇന്ത്യൻ നിരയിൽ നിർണായകമാവും. മൂന്ന് കളികളില്‍ 10 വിക്കറ്റെടുത്ത രവി ബിഷ്ണോയിലാണ് ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷകള്‍. പേസര്‍മാരായ കാര്‍ത്തിക് ത്യാഗിയും ആകാശ് സിംഗും മികച്ച പ്രകടനം പുറത്തെടുക്കുന്നതും ഇന്ത്യക്ക് പ്രതീക്ഷയാണ്.

മറുവശത്ത് പതിവു ഫോമിലേക്ക് ഉയരാന്‍ ഓസീസിനായിട്ടില്ല. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഓസീസ് നൈജീരിയക്കെതിരെ 10 വിക്കറ്റ് ജയം നേടി. ഇംഗ്ലണ്ടിനെതിരെ അപ്രതീക്ഷിത വിജയം നേടിയാണ് ഓസീസ് ക്വാര്‍ട്ടറിലെത്തിയത്.

ഇന്ത്യൻ വംശജനായ സ്പിന്നർ തൻവീർ സാംഗയിലാണ് ഓസീസിന്റെ പ്രതീക്ഷ. തൻവീറും മൂന്ന് കളിയിൽ പത്ത് വിക്കറ്റ് നേടിയിട്ടുണ്ട്. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് കളിയിലും ഇന്ത്യക്കായിരുന്നു ജയം. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു.