സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ഭാവിയും തുലാസിലാകും. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ തന്നെ പാക് ടീമിലെ പടലപ്പിണക്കങ്ങള്‍ പുറത്തുവന്നിരുന്നു.

ഫ്ലോറിഡ: ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ അമേരിക്ക ഇന്ന് അയര്‍ലന്‍ഡിനെ നേരിടുമ്പോള്‍ ടെന്‍ഷനെല്ലാം പാക്കിസ്ഥാനാണ്. അമേരിക്കയെ അയര്‍ലന്‍ഡ് തോല്‍പിച്ചാല്‍ മാത്രമേ പാക്കിസ്ഥാന് സൂപ്പര്‍ 8ലെത്താനാകൂ. ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് ഏയില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരമാണ്. അതില്‍ ആദ്യത്തേതാണ് അമേരിക്ക അയര്‍ലന്‍ഡ് പോരാട്ടം. ഇന്ന് അമേരിക്ക ജയിച്ചാല്‍ മൂന്ന് ജയവും 6 പോയന്‍റുമായി പാക്കിസ്ഥാനെ മറികടന്ന് അവര്‍ സൂപ്പര്‍ എട്ടിലെത്തും.

ഇന്ന് അമേരിക്ക ജയിച്ചാല്‍ അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ജയിച്ചാല്‍ പോലും പാക്കിസ്ഥാന് പരമാവധി 4 പോയന്‍റെ നേടാനാവൂ. അമേരിക്കക്കെതിരെ അയര്‍ലന്‍ഡാണ് ജയിക്കുന്നതെങ്കില്‍ സൂപ്പര്‍ 8 ലൈനപ്പറിയാന്‍ ഗ്രൂപ്പിലെ അവസാന മത്സരം വരെ കാത്തിരിക്കണം. 16ന് നടക്കുന്ന പാക്കിസ്ഥാന്‍-അയര്‍ലന്‍ഡ് മത്സര ശേഷം റണ്‍ റേറ്റിന്‍റെ കളിയും കഴിഞ്ഞേ സൂപ്പര്‍ എട്ടിലേക്കാരെന്ന് ഉറപ്പിക്കാനാവൂ.

ടി20 ലോകകപ്പ്: പാപുവ ന്യൂ ഗിനിയയെ തകർത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 8ല്‍, ന്യൂസിലൻഡ് പുറത്ത്

അമേരിക്ക, അയര്‍ലന്‍ഡ് മത്സരം മഴ മൂലം ഉപേക്ഷിച്ചാലും പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടിലെത്താതെ പുറത്താകും. ഫ്ലോറിഡയില്‍ ഇന്ന് ഇടിയോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. മഴ മൂലം മത്സരം ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. മത്സരം ഉപേക്ഷിച്ചാല്‍ 5 പോയന്‍റുമായി അമേരിക്ക സൂപ്പര്‍ എട്ടിലേക്കെത്തും. പാക്കിസ്ഥാനെ തോല്‍പിച്ച, ഇന്ത്യയെ വിറപ്പിച്ച അമേരിക്ക അയര്‍ലന്‍ഡിനെതിരെ തോല്‍ക്കാന്‍ വിദൂര സാധ്യതമാത്രമാണെന്നിരിക്കെ പാക്കിസ്ഥാന്‍റെ ലോകകപ്പ് മോഹങ്ങള്‍ ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ അവസാനിക്കാനാണ് സാധ്യത.

പാകിസ്ഥാനും ഇംഗ്ലണ്ടും അടക്കം 4 ടീമുകള്‍ സൂപ്പ‍ർ 8 ൽ എത്താതെ പുറത്താകുമോ?; പോയന്‍റ് പട്ടികയിൽ മുന്നിൽ ആരൊക്കെ

സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായാല്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ഭാവിയും തുലാസിലാകും. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ തന്നെ പാക് ടീമിലെ പടലപ്പിണക്കങ്ങള്‍ പുറത്തുവന്നിരുന്നു. സൂപ്പര്‍ 8ല്‍ എത്താതെ പുറത്തായാല്‍ ടീമില്‍ ആഭ്യന്തര കലഹം രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ബാബറിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി ഷഹീന്‍ അഫ്രീദിയെ ടി20 ടീമിന്‍റെ നായകനാക്കിയെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ അഫ്രീദിയെ മാറ്റി വീണ്ടും ബാബറിനെ ക്യാപ്റ്റനാക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക