Asianet News MalayalamAsianet News Malayalam

വെറുതെ ഒരു തോല്‍വി അല്ല! ദക്ഷിണാഫ്രിക്കയെ വീണ്ടും നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ

200 പന്ത് ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ നേരിടുന്ന ഏറ്റവും രണ്ടാമത്തെ തോല്‍വിയാണിത്.

unwanted record for south africa after defeat against india
Author
First Published Dec 17, 2023, 8:59 PM IST

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ന്യൂ വാണ്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116ന് എന്ന സ്‌കോറിന് പുറത്തായി. അര്‍ഷ്ദീപ് സിംഗിന്റെ അഞ്ച് വിക്കറ്റ് പ്രകടനവും ആവേഷ് ഖാന്റെ നാല് വിക്കറ്റുമാണ് ആതിഥേയരെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ (43 പന്തില്‍ പുറത്താവാതെ 55), ശ്രേയസ് അയ്യര്‍ (52) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്.

200 പന്ത് ബാക്കി നില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ശേഷിക്കുന്ന പന്തുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ നേരിടുന്ന ഏറ്റവും രണ്ടാമത്തെ തോല്‍വിയാണിത്. 2008ല്‍ ഇംഗ്ലണ്ടിനെതിരെ 215 പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. അതാണ് അവരുടെ ഏറ്റവും വലിയ തോല്‍വിയും. 2002ല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ 188 പന്തുകള്‍ ശേഷിക്കെ തോറ്റത് മൂന്നാമാത്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ഡല്‍ഹിയില്‍ 185 റണ്‍സിനും ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.

പന്തടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നാലാമത്തെ വിജയം കൂടിയാണിത്. ഈ വര്‍ഷമാദ്യം ശ്രീലങ്കയ്‌ക്കെതിരെ 263 പന്തുകള്‍ ശേഷിക്കെ ജയിച്ചതാണ് ഏറ്റവും വലിയ ജയം. കെനിയക്കെതിരെ 231 പന്തുകള്‍ ശേഷിക്കെ ജയിച്ചത് രണ്ടാമത്. 2018ല്‍ തിരുവനന്തപുരത്ത് 211 പന്തുകള്‍ ബാക്കി നില്‍ക്കെ ജയിച്ചതാണ് മൂന്നാം സ്ഥാനത്ത്. 

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് റുതുരാജ് ഗെയ്കവാദിന്റെ (5) വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സായ് - ശ്രേയസ് സഖ്യം നേടിയ 88 റണ്‍സ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വിജയത്തിനരികെ ശ്രേയസ് മടങ്ങി. 45 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ആറ് ഫോറും നേടി. നാലാമനായി ക്രീസിലെത്തിയ തിലക് വര്‍മയെ (1) കൂട്ടുപിടിച്ച് സായ് വിജയം പൂര്‍ത്തിയാക്കി. ഒമ്പത് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു സായിയുടെ ഇന്നിംഗ്‌സ്. മലയാളി താരം സഞ്ജു സാംസണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

നേരത്തെ, 33 റണ്‍സെടുത്ത ആന്‍ഡൈല്‍ ഫെഹ്ലുക്വായോവാണ് പ്രൊട്ടീസ് നിരയില്‍ അല്‍പനേരമെങ്കിലും പിടിച്ചുനിന്നത്. ടോണി ഡി റോര്‍സി (28), എയ്ഡന്‍ മാര്‍ക്രം (12), ടബ്രൈസ് ഷംസി (പുറത്താവാതെ 11) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. റീസ ഹെന്‍ഡ്രിക്‌സ് (0), വാന്‍ ഡര്‍ ഡസ്സന്‍ (0), ഹെന്റിച്ച് ക്ലാസന്‍ (6), ഡേവിഡ് മില്ലര്‍ (2), വിയാല്‍ മള്‍ഡര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കേശവ് മഹാരാജ് (4), നന്ദ്രേ ബര്‍ഗര്‍ (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ഒന്നൊന്നര അരങ്ങേറ്റം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങിയ 22കാരന്‍ പയ്യന്‍, സായ് സുദര്‍ശന്‍ എലൈറ്റ് പട്ടികയില്‍

Latest Videos
Follow Us:
Download App:
  • android
  • ios