ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ 40 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്ത് അമേരിക്ക
ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 122 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ വെറും 65 റൺസിന് ഓള്‍ ഔട്ടായി.

മസ്കറ്റ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കമാകാനിരിക്കെ ഏകദിന ക്രിക്കറ്റില്‍ 40 വര്‍ഷം പഴക്കമുള്ള ഇന്ത്യയുടെ ലോക റെക്കോര്‍ഡ് തകര്‍ത്ത് അമേരിക്ക. ഒമാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്കോര്‍ പ്രതിരോധിക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്നലെ അമേരിക്ക സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 122 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ വെറും 65 റൺസിന് ഓള്‍ ഔട്ടായി. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ 125 റണ്‍സിന് താഴെയുള്ള വിജയലക്ഷ്യം വിജയകരമായി പ്രതിരോധിക്കുന്ന ആദ്യ ടീമായി അമേരിക്ക. 1985ല്‍ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റായ റോത്ത്‌മാന്‍സ് കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 125 റണ്‍സ് വിജയകരമായി പ്രതിരോധിച്ച് ജയിച്ചശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റില്‍ ഒരു ടീം ഇത്രയും ചെറിയ ടോട്ടല്‍ വിജയകരമായി പ്രിതരോധിക്കുന്നത്. അന്ന് പാകിസ്ഥാനെതിരെ 38 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചു കയറിയതെങ്കില്‍ ഇന്നലെ ഒമാനെതിരെ 57 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്.
സ്പിന്നര്‍മാരെ കാര്യമായി പിന്തുണച്ച പിച്ചില്‍ 25.3 ഓവര്‍ പന്തെറിഞ്ഞെങ്കിലും ഒറ്റ പേസറപ്പോലും ബൗള്‍ ചെയ്യിക്കാതെയായിരുന്നു അമേരിക്കയുടെ ജയം. ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒരു പേസറെപ്പോലും ബൗള്‍ ചെയ്യിക്കാതെ ഒരു മത്സരം ജയിക്കുന്നത്. അമേരിക്കക്കായി 11 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നോഷ്തുഷ് കെൻഞ്ചീജെയാണ് ബൗളിംഗില്‍ തിളങ്ങിയത്. മത്സരത്തിലാകെ വീണ 20 വിക്കറ്റില്‍ 19 വിക്കറ്റുകളും സ്വന്തമാക്കിയതും സ്പിന്നര്‍മാരായിരുന്നു. 2011ല്‍ ബംഗ്ലാദേശ്-പാകിസ്ഥാന്‍ മത്സരത്തിലാണ് ഇതിന് മുമ്പ് ഒരു മത്സരത്തില്‍ സ്പിന്നര്‍മാര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്നത്. രണ്ട് ഇന്നിംഗ്സിലുമായി എറിഞ്ഞ 61 ഓവറില്‍ ആകെ 187 റണ്‍സാണ് രണ്ട് ടീമുകളും ചേര്‍ന്ന് അടിച്ചത്. ഇത് ഏകദിന ക്രിക്കറ്റില്‍ ഇരു ടീമുകളും ഓള്‍ ഔട്ടായ മത്സരങ്ങളിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോർ കൂടിയാണ്.
