കഴിഞ്ഞ മാർച്ചിൽ ഇന്ത്യക്കെതിരെയുള്ള ഹോം സീരീസ് പ്രഖ്യാപിക്കുമ്പോൾ, ഒരു 15 വയസ്സുകാരൻ ഇന്ത്യൻ ടീമിലെത്തി ഇത്രയും വലിയ തരംഗം സൃഷ്ടിക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
ബെൽഫാസ്റ്റ്: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വിസ്മയം 15-കാരൻ വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര അരങ്ങേറ്റം കാണാൻ കാത്തിരിക്കുകയാണ് കായികലോകം. അയർലൻഡിനെതിരെയുള്ള ടി20 പരമ്പരയോടെ വൈഭവ് ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറുമെന്നാണ് റിപ്പോർട്ടുകൾ. വൈഭവ് തരംഗം ആഞ്ഞടിച്ചതോടെ ടി20 പരമ്പരക്കുള്ള ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റുപോയത്. ഇന്ന് ബെൽഫാസ്റ്റിൽ നടക്കുന്ന ആദ്യ ടി20 മത്സരത്തിന്‍റെ ടിക്കറ്റുകൾ വില്‍പനക്കെത്തി മിനിറ്റുകൾക്കം വിറ്റുതീർന്നു.
കഴിഞ്ഞ മാർച്ചിൽ ഇന്ത്യക്കെതിരെയുള്ള ഹോം സീരീസ് പ്രഖ്യാപിക്കുമ്പോൾ, ഒരു 15 വയസ്സുകാരൻ ഇന്ത്യൻ ടീമിലെത്തി ഇത്രയും വലിയ തരംഗം സൃഷ്ടിക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡബ്ലിനിലെ 12,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മലാഹൈഡ് ഗ്രൗണ്ടിന് പകരം ബെൽഫാസ്റ്റിലെ സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബിലാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചത്. ഇതാണ് ഇപ്പോൾ അയർലൻഡ് ക്രിക്കറ്റ് ബോർഡിന് തിരിച്ചടിയായത്. കുറഞ്ഞ സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയം തിരഞ്ഞെടുത്തതിൽ ആരാധകർ കടുത്ത അമർഷത്തിലാണ്. ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ബോർഡിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ടിക്കറ്റിനായി എന്‍റെ ഫോൺ സദാസമയവും ബെല്ലടിച്ചുകൊണ്ടിരിക്കുകയാണ്. നിർഭാഗ്യവശാൽ ഞങ്ങൾക്ക് 4,500 മുതൽ 5,000 വരെ ആരാധകരെ മാത്രമേ ഇവിടെ ഉൾക്കൊള്ളാൻ കഴിയൂ. കൂടുതൽ സ്ഥലമുണ്ടായിരുന്നെങ്കിൽ ഇതിന്‍റെ മൂന്നിരട്ടി ടിക്കറ്റുകൾ ഞങ്ങൾക്ക് സുഖമായി വിൽക്കാമായിരുന്നു. മിനിറ്റുകൾക്കുള്ളിലാണ് ടിക്കറ്റുകൾ തീർന്നത്. ഇപ്പോഴും ആളുകൾ ടിക്കറ്റിനായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രിക്കറ്റ് അയർലൻഡ് ചെയർമാൻ ബ്രയാൻ മക്നീസ് 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു. ഞാനും അവിടെയുണ്ടായിരുന്നു' എന്ന് പറയാൻ ആരാധകർ വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം പരമ്പരയുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ടെന്ന് മക്നീസ് കൂട്ടിച്ചേർത്തു.
ഇത് വളരെ വലിയ കാര്യമാണ്. എല്ലാവരും ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ തികച്ചും ആകർഷകമായ ഒരു പ്രതിഭയാണ്. നാളെ അവൻ അരങ്ങേറ്റം കുറിക്കുകയാണെങ്കിൽ, ചരിത്രപരമായ ആ നിമിഷത്തിന് സാക്ഷിയാകാൻ എല്ലാവരും ആഗ്രഹിക്കുന്നു. അവൻ എല്ലാവരുടെയും ശ്രദ്ധ പൂർണ്ണമായി പിടിച്ചുപറ്റിയിരിക്കുകയാണ് വൈഭവെന്നും മക്നീസ് വ്യക്തമാക്കി.ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് വൈഭവിനെ ഇന്ത്യൻ ടീമിലെത്തിച്ചത്. സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു ഈ യുവ ഇടംകയ്യൻ ബാറ്റർ. അടുത്തിടെ നടന്ന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ ശ്രീലങ്ക എ ടീമിനെതിരെ വെറും 29 പന്തിൽ നിന്ന് 94 റൺസ് അടിച്ചുകൂട്ടി വൈഭവ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അയർലൻഡ് പരമ്പരയ്ക്ക് ശേഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും വൈഭവ് ഇടംപിടിച്ചിട്ടുണ്ട്.
