വിൻഡീസിനെതിരായ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ പുറത്തിരുത്തുന്നതിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി ബാല്യകാല പരിശീലകൻ മനീഷ് ഓജ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റേത് ഏകാധിപത്യ രീതിയാണെന്നും, ബെഞ്ചിലിരുത്തുന്നത് താരത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്നും അദ്ദേഹം ആരോപിച്ചു.

പട്‌ന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും യുവതാരം വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ കടുത്ത അമര്‍ഷവുമായി ബാല്യകാല പരിശീലകന്‍ മനീഷ് ഓജ. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മാനേജ്മെന്റില്‍ ഏകാധിപത്യ രീതിയാണെന്ന് ആരോപിച്ച ഓജ, സൂര്യവംശിയെപ്പോലുള്ള പ്രതിഭാധനരായ താരങ്ങള്‍ക്ക് അവസരം നല്‍കാതെ ബെഞ്ചിലിരുത്തുന്നത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും വ്യക്തമാക്കി.

മത്സര പരിചയത്തിലൂടെ മാത്രമേ യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വളരാന്‍ സാധിക്കൂ എന്ന് ഓജ പറഞ്ഞു: ''നിലവിലെ ഇന്ത്യന്‍ ടീം മാനേജ്മെന്റ് കരുതുന്നത് കളിക്കാരെ ബെഞ്ചിലിരുത്തിയാല്‍ വളര്‍ത്താം എന്നാണ്. ക്രിക്കറ്റിലെ ഏതൊരു ഇതിഹാസത്തോട് ചോദിച്ചാലും അവര്‍ പറയും അടുത്ത തലമുറയിലെ കളിക്കാരെ വാര്‍ത്തെടുക്കാന്‍ അവര്‍ക്ക് മത്സരങ്ങളില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന്. ബെഞ്ചിലിരുന്ന് ഒരു കളിക്കാരനും വളര്‍ന്നിട്ടില്ല, ഇനി വളരുകയുമില്ല.'' അദ്ദേഹം പറഞ്ഞു.

2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സൂര്യവംശി, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. തുടര്‍ച്ചയായി പുറത്തിരുത്തുന്നത് ഒരു താരത്തിന് ടീമില്‍ തനിക്ക് സ്ഥാനമില്ലെന്ന നിരാശയുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് ഓജ കൂട്ടിച്ചേര്‍ത്തു. ''ഈ പ്രായത്തില്‍ ഓരോ മത്സരം കളിക്കുന്തോറുമാണ് ഒരു കളിക്കാരന്‍ പക്വത നേടേണ്ടതും കളി മെച്ചപ്പെടുത്തേണ്ടതും. എന്നാല്‍ അവന്‍ പുറത്തിരുന്ന് വെള്ളം ചുമക്കുകയാണ്. മാനേജ്മെന്റിന് തോന്നുന്നത് പോലെ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്.'' ഓജ ആരോപിച്ചു.

സൂര്യവംശിയുടെ കഴിവിലും ഭാവിയിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഓജ വ്യക്തമാക്കി. ''എന്നെ സംബന്ധിച്ച് വൈഭവ് ഒരു കൊടുങ്കാറ്റാണ്. അതിനെ തടയാന്‍ നോക്കുന്നവര്‍ തകരുകയേ ഉള്ളൂ. ഇതൊരു ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ ഉള്ളതല്ല, വരും വര്‍ഷങ്ങളില്‍ സൂര്യനെപ്പോലെ തിളങ്ങാന്‍ പോകുന്ന പ്രതിഭയാണ് അവന്‍.'' അദ്ദേഹം കൂട്ടിചേര്‍ത്തു.

YouTube video player