ഐപിഎല്‍ 2026-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച 15-കാരന്‍ വൈഭവ് സൂര്യവന്‍ഷി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി.
ഗുവാഹത്തി: ഐപിഎല്‍ 2026ലെ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു 15കാരന്‍ വൈഭവ് സൂര്യവന്‍ഷി. വെറും 15 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി തികച്ച താരം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റി എന്ന റെക്കോര്‍ഡും സ്വന്തമാക്കി. സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം വെറും 12.1 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു.
മത്സരശേഷം രാജസ്ഥാന്‍ താരം ധ്രുവ് ജൂറല്‍ സൂര്യവന്‍ഷിയെ അഭിനന്ദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് താരം നല്‍കിയത്. 'നന്നായി കളിച്ചു' എന്ന് ജൂറല്‍ പറഞ്ഞപ്പോള്‍, 'ഇന്ന് മത്സരത്തിന് മുന്‍പ് രാജ്ഭോഗ് മിഠായി കഴിച്ചാണ് വന്നത്' എന്നായിരുന്നു സൂര്യവന്‍യുടെ തമാശ കലര്‍ന്ന മറുപടി.
ബൗളര്‍മാരെ വിറപ്പിച്ച ബാറ്റിംഗ്
പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ ബൗളര്‍മാരെ തല്ലിച്ചതച്ച സൂര്യവന്‍ഷി നാല് ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് പറത്തിയത്. 52 റണ്‍സെടുത്ത് പുറത്തായെങ്കിലും അപ്പോഴേക്കും രാജസ്ഥാന്‍ വിജയമുറപ്പിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ സൂര്യവന്‍ഷിയുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.
ബംഗാറിന്റെ വാക്കുകള്‍... ''മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെയാണ് ഈ 15-കാരന്‍ അനായാസം നേരിട്ടത്. അവരുടെ തന്ത്രങ്ങള്‍ മാറ്റാന്‍ സൂര്യവന്‍ഷി അവരെ നിര്‍ബന്ധിതരാക്കി. ഈ പ്രായത്തില്‍ ബൗളര്‍മാരുടെ മനസ്സില്‍ ഭയം ജനിപ്പിക്കാന്‍ അവന് സാധിക്കുന്നുണ്ട്.'' ബംഗാര്‍ ജിയോസ്റ്റാറില്‍ പറഞ്ഞു.
പക്വതയാര്‍ന്ന പ്രകടനം
മുന്‍ താരം സബാ കരീമും സൂര്യവന്‍ഷിയുടെ ബാറ്റിംഗിലെ പക്വതയെ പ്രശംസിച്ചു. 250-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുമ്പോഴും ഏത് പന്ത് അടിക്കണം എന്ന കാര്യത്തില്‍ അവന് കൃത്യമായ ധാരണയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ നേരിടാനുള്ള വൈഭവിന്റെ കഴിവിനെ 'അത്ഭുതകരമായ പ്രതിഭ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

