കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഒഡിഷ ക്രീസിലിറങ്ങിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒഡിഷക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ട് കേരളം. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോള്‍ ഒഡിഷ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സുമായി ലളിത് യാദവും ഒരു റണ്ണുമായി ബഡായ് ബിസ്വാളും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഒഡിഷക്ക് ഇനിയും 179 റണ്‍സ് കൂടി വേണം. 50 റണ്‍സെടുത്ത ക്യാപ്റ്റൻ സൗരഭ് സേനാപതിയും 34 റണ്‍സെടുത്ത രാജേഷ് ധുപറും ഒഡിഷക്കായി തിളങ്ങി. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 38 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 404 റണ്‍സിന് മറുപടിയായി മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഒഡിഷ ക്രീസിലിറങ്ങിയത്. മൂന്നാം ദിനം തുടക്കത്തിലെ സന്ദീപ് പട്നായിക്കിനെ എം ഡി നിധീഷും നിനന്ദ റാഥ്‌വയെ വൈശാഖ് ചന്ദ്രനും പുറത്താക്കിയതോടെ ഒഡിഷ 125-5ലേക്ക് വീണു. പിന്നീട് സൗരഭ് സേനാപതിയും രാജേഷ് ധുപറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഒഡിഷയെ 185 റണ്‍സിലെത്തിച്ചെങ്കിലും രാജേഷ് ധുപറെ വൈശാഖ് ചന്ദ്ര പുറത്താക്കിയതോടെ ഒഡിഷ തകര്‍ന്നടിഞ്ഞു, പിന്നാലെ സൗരഭ് സേനാപതിയെ ജലജ് സക്സേന മടക്കി. രാജേഷ് മൊഹന്തിയെയും സൗമ്യ ലെങ്കയെയും പുറത്താക്കി വൈശാഖ് ചന്ദ്രൻ ഒഡിഷയെ 193-9ലേക്ക് തള്ളിയിട്ടു. അവസാന വിക്കറ്റില്‍ ലളിത് യാദവിന്‍റെ പോരാട്ടമാണ് പിന്നീട് ഒഡിഷയെ 200 കടത്തിയത്. പിരിയാത്ത പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 54 പന്തില്‍ 32റണ്‍സെടുത്തിട്ടുണ്ട്.

ഇന്നലെ രണ്ടാം ദിനം 50 റണ്‍സെടുത്ത ഗൗരവ് ചൗധരിയുടെയും 32 റണ്‍സെടുത്ത ശന്തനു മിശ്രയുടെയും 14 റണ്‍സെടുത്ത ഓം ടി മുണ്ഡെയയുടെയും വിക്കറ്റുകളാണ് ഒഡിഷക്ക് നഷ്ടമായത്. നേരത്തെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 404 റണ്‍സില്‍ അവസാനിച്ചിരുന്നു. സച്ചിന്‍ ബേബിയുടെയും(113) മുഹമ്മദ് അസറുദ്ദീന്‍റെയും(പുറത്താവാതെ 139), സെഞ്ചുറികളുടെ മികവിലാണ് കേരളം മികച്ച സ്‌കോറിലെത്തിയത്. ആദിത്യ സര്‍വാതെ (53), അഭിജിത് പ്രവീണ്‍(14), വൈശാഖ് ചന്ദ്രന്‍ (1), നിധീഷ് എം ഡി (15) എന്നിവരും കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക