പേസർമാർക്ക് പകരം അക്സർ പട്ടേലിന് പവർപ്ലേയിൽ ഓവർ നൽകിയത് തിരിച്ചടിയായെന്ന് അദ്ദേഹം വ്യക്തമാക്കി. ബൗളർമാരുടെ പ്രകടനത്തിൽ ഇതിഹാസ താരം സുനിൽ ഗവാസ്കറും അതൃപ്തി രേഖപ്പെടുത്തി.
റാഞ്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യിലേറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ പേസര്‍ വരുണ്‍ ആരോണ്‍. വെസ്റ്റിന്‍ഡീസിന്റെ രണ്ട് വിക്കറ്റുകള്‍ ആദ്യ ഓവറില്‍ വീണപ്പോള്‍ ഇന്ത്യ പേസ് ആക്രമണം തുടരേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നാലാം ഓവറില്‍ അക്‌സര്‍ പട്ടേലിനെ പന്തേല്‍പ്പിക്കുകയും താരം 16 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. വരുണിന്റെ വാക്കുകള്‍... ''പവര്‍പ്ലേയിലെ നാലാം ഓവര്‍ അക്‌സര്‍ പട്ടേലിന് നല്‍കിയത് തികച്ചും ആവശ്യമില്ലാത്തതായിരുന്നു. കാരണം ഷായ് ഹോപ്പും റോവ്മാന്‍ പവലും പുതിയ പന്തില്‍ പതറുന്ന മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരാണ്. ആ സമയത്ത് നിങ്ങള്‍ നാല് ഓവറും പേസ് ബൗളര്‍മാരെ വെച്ച് പന്തെറിയണമായിരുന്നു.' വരുണ്‍ ആരോണ്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇതിലും മികച്ച രീതിയില്‍ പന്തെറിയാമായിരുന്നു എന്നാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ വിശ്വസിക്കുന്നത്. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''കുറച്ചു ഓവറുകളില്‍ മന്ദഗതിയിലായതിന് ശേഷം ഇന്ത്യ 235-240 റണ്‍സ് നേടുമെന്നാണ് ഞാന്‍ കരുതിയത്. അതുകൊണ്ട് ബാറ്റര്‍മാരെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ല. അവര്‍ ലക്ഷ്യത്തില്‍ നിന്ന് പിന്നിലേക്ക് പോയെന്ന് ഞാന്‍ കരുതുന്നില്ല. ബൗളര്‍മാര്‍ തങ്ങള്‍ ചെയ്യേണ്ട രീതിയിലല്ല പന്തെറിഞ്ഞതെന്ന് വ്യക്തമാണ്. ഈ ബൗളര്‍മാരില്‍ നിന്ന് തങ്ങള്‍ എന്താണ് പ്രതീക്ഷിച്ചതെന്നും അവര്‍ അത് ചെയ്‌തോ ഇല്ലയോ എന്നും ബൗളിംഗ് കോച്ചിനോട് ചോദിച്ചാല്‍ അത് വളരെ രസകരമായിരിക്കും.'' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
മത്സരത്തില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 37 പന്തില്‍ 84 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൊമാരിയോ ഷെപ്പേര്‍ഡ് 13 പന്തില്‍ 34 റണ്‍സുമായി വിജയത്തില്‍ ഷായ് ഹോപ്പിന് കൂട്ടായി. അക്‌സര്‍ പട്ടേലിന്റെ ഓവറില്‍ രണ്ട് സിക്‌സുകള്‍ പറത്തിയാണ് ഷായ് ഹോപ് വിന്‍ഡീസിന്റെ ജയവും രണ്ടാം ടി20 സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി മായങ്ക് യാദവ് 3 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസ് (1-1) ഒപ്പമെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇന്‍ഡോറില്‍ നടക്കും.

