ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ടെസ്റ്റ് സമനിലയായതിന് പിന്നാലെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ തന്ത്രങ്ങളെ വിമർശിച്ച് വെങ്കടേഷ് പ്രസാദ്. സ്പിന്നർമാരെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിൽ ഗിൽ പരാജയപ്പെട്ടുവെന്നും, ഈ സമനില ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾക്ക് തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് രംഗത്ത്. സ്പിന്നര്‍മാരെ കാര്യമായി ഉപയോഗിക്കുന്നതില്‍ ഗില്‍ പരാജയപ്പെട്ടുവെന്ന് പ്രസാദ് ചൂണ്ടിക്കാട്ടി. അനില്‍ കുംബ്ലെയെയോ ആര്‍ അശ്വിനെയോ പോലുള്ള പരിചയസമ്പന്നരായ സ്പിന്നര്‍മാരുടെ അഭാവം ടീമിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അവസാന നാല് ക്യാപ്റ്റന്മാരില്‍ സ്പിന്നര്‍മാര്‍ക്ക് ഏറ്റവും കുറഞ്ഞ പന്തുകള്‍ (ഒരു സ്‌പെല്ലില്‍ ശരാശരി 26 പന്തുകള്‍) മാത്രം നല്‍കിയ ക്യാപ്റ്റനാണ് ഗില്‍.

പ്രസാദിന്റെ വാക്കുകള്‍... ''ഈ പിച്ചിന്റെ സ്വഭാവം ടെസ്റ്റ് ക്രിക്കറ്റിനും, പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ അനുകൂലമാണ്. പിച്ചില്‍ ധാരാളം ടേണ്‍ ലഭിക്കുന്നുണ്ട്. ബൗളര്‍മാരുടെ കൃത്യതയും സ്ഥിരതയുമാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. അല്ലാതെ അനാവശ്യ പരീക്ഷണങ്ങള്‍ക്ക് മുതിരുകയല്ല വേണ്ടത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് അനില്‍ കുംബ്ലെയെയോ അശ്വിനെയോ പോലുള്ള വലിയ പരിചയസമ്പത്തില്ല. മാനവ് സുതറും സരന്‍ഷ് ജെയ്‌നും ടെസ്റ്റ് ക്രിക്കറ്റിലേക്ക് പുതിയതായി വന്നവരാണ്. നാലോ അഞ്ചോ ഓവറുകളില്‍ വിക്കറ്റ് ലഭിച്ചില്ലെങ്കില്‍ അവരെ മാറ്റുന്നത് ശരിയല്ല. ഇത്തരം പിച്ചുകളില്‍ പരമാവധി കൃത്യതയോടെ പന്തെറിഞ്ഞ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് വേണ്ടത്.'' പ്രസാദ് വ്യക്തമാക്കി.

മത്സരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഫ്രണ്ട്ലൈന്‍ ബൗളര്‍മാരില്‍ പ്രതീക്ഷയറ്റതോടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും യശസ്വി ജെയ്സ്വാളും പന്തെറിയാന്‍ എത്തുന്ന കാഴ്ചയും കണ്ടു. അതേസമയം, നാല് ഇന്നിങ്സുകളില്‍ നിന്നായി മൂന്ന് സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയുമടക്കം 420 റണ്‍സടിച്ചുകൂട്ടി സോണല്‍ ദിനുഷ പരമ്പരയിലെ താരമായി മാറി.

പരമ്പര 1-0 ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും, കൊളംബോ ടെസ്റ്റിലെ സമനില ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിന് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

YouTube video player