ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ വെർണോൺ ഫിലാൻഡർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് ഫിലാൻഡർ കളി മതിയാക്കുക. ഉചിതമായ സമയത്താണ് തന്റെ വിരമിക്കൽ തീരുമാനമെന്ന് മുപ്പത്തിനാലുകാരനായ ഫിലാൻഡർ പറഞ്ഞു. 

കരിയറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി 97 മത്സരങ്ങളിൽ നിന്ന് 261 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. ഇതില്‍ 216 വിക്കറ്റുകള്‍ ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ്. 2011ൽ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ താരം ടെസ്റ്റില്‍ 60 മത്സരങ്ങള്‍ കളിച്ചു. പ്രോട്ടീസ് വിക്കറ്റ് വേട്ടക്കാരില്‍ ഏഴാം സ്ഥാനക്കാരനാണ് ഫിലാന്‍ഡര്‍. എന്നാല്‍ കരിയറിലുടനീളം പരിക്ക് ഫിലാന്‍ഡറെ അലട്ടിയിരുന്നു. കഴിഞ്ഞ 18 മാസത്തിനിടയില്‍ ആറ് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. 

ഓസ്‌ട്രേലിയക്കെതിരെ 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. 13 തവണ അഞ്ച് വിക്കറ്റ് നേട്ടവും രണ്ടിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടം രണ്ട് തവണയും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 1619 റണ്‍സും താരത്തിന് സമ്പാദ്യമായുണ്ട്. എട്ട് അര്‍ധ സെഞ്ചുറികള്‍ നേടിപ്പോള്‍ 74 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 30 മത്സരങ്ങളും ടി20യില്‍ ഏഴ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.