ഇംഗ്ലണ്ട് ഫീല്‍ഡ് ചെയ്യുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ അഭിനയം എനിക്കൊട്ടും ഇഷ്ടമായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആക്രമണോത്സുകത കാണിക്കാന്‍ ശ്രമിച്ചതാവും അദ്ദേഹം.

ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍ മൂന്നാം ദിനം അവസാന ഓവറിലെ നാടകീയ സംഭവങ്ങളില്‍ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജൊനാഥന്‍ ട്രോട്ട്. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇംഗ്ലണ്ട് ജസ്പ്രീത് ബുമ്രയുടെ ഒരോവര്‍ മാത്രമാണ് ബാറ്റ് ചെയ്തത്. രണ്ടാമതൊരു ഓവര്‍ കൂടി ബൗള്‍ ചെയ്യാന്‍ ഇന്ത്യയെ അനുവദിക്കാതിരിക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ബോധപൂര്‍വം സമയം പാഴാക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റും തമ്മില്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. ഗില്‍ സാക് ക്രോളിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കുകയും പരിക്കാണെങ്കില്‍ കയറിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഗില്‍ തന്‍റെ മുന്‍ ക്യാപ്റ്റനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് മുന്‍ ഇംഗ്ലണ്ട് താരം ജൊനാഥന്‍ ട്രോട്ട് പറഞ്ഞു. ക്രോളിക്കെതിരെ നടന്നടുത്ത് വിരല്‍ ചൂണ്ടിയതോടെ ഗില്‍ മാന്യതയുടെ പരിധികളെല്ലാം ലംഘിച്ചുവെന്നും ട്രോട്ട് പറഞ്ഞു. ഇംഗ്ലണ്ട് ഫീല്‍ഡ് ചെയ്യുമ്പോൾ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ അഭിനയം എനിക്കൊട്ടും ഇഷ്ടമായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആക്രമണോത്സുകത കാണിക്കാന്‍ ശ്രമിച്ചതാവും അദ്ദേഹം. 

Scroll to load tweet…

മുന്‍ ക്യാപ്റ്റനെപ്പോലെ എതിര്‍ ടീമിനെതിരെ ആക്രമണോത്സുകനായി വിരല്‍ ചൂണ്ടി സംസാരിച്ച് എതിരാളികളെ ഭയപ്പെടുത്താനാവും ഗില്‍ ശ്രമിച്ചിരിക്കുക. എന്നാല്‍ അത് ശരിയായ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ടീമിന് അതൊരു മോശം സന്ദേശമാണ് നല്‍കുന്നത്. കളിക്കളത്തില്‍ മത്സരക്ഷമത കാണിക്കാം. എന്നാല്‍ ചിലപ്പോഴെല്ലാം നമ്മള്‍ അതിനെക്കാള്‍ വളരേണ്ടതുണ്ടെന്നും ട്രോട്ട് പറഞ്ഞു.

Scroll to load tweet…

എന്നാല്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഒരോവര്‍ പോലും നേരിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സഹ കമന്‍റേറ്ററായ അനില്‍ കുംബ്ലെ പറഞ്ഞു. മൂന്ന് ദിവസത്തെ കളി കഴിഞ്ഞപ്പോള്‍ രണ്ട് ടീമിനെയും വ്യത്യസ്തമാക്കുന്ന ഒന്നുമില്ല. അതുകൊണ്ട് തന്നെ മൂന്നാം ദിനം അവസാന സെഷനില്‍ ഒരു ഓവര്‍ പോലും നേരിടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ സുന്ദറിന്‍റെ വിക്കറ്റെടുത്തശേഷം ജോഫ്ര ആര്‍ച്ചറുടെ നിരാശയോടെയുള്ള ശരീരഭാഷതന്നെ അതിന് തെളിവാണെന്നും കുംബ്ലെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക