കിംഗ്സ്റ്റണ്‍: ഹനുമ വിഹാരിക്ക് കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് വിഹാരി സെഞ്ചുറി നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിഹാരിയുടെ (പുറത്താവാതെ 105) കരുത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെടുത്തിട്ടുണ്ട്. 50 റണ്‍സുമായി ഇശാന്ത് ശര്‍മയാണ് വിഹാരിക്ക് കൂട്ട്. ഇരുവരും ഇതുവരെ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വിന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. രണ്ടാം ദിവസത്തിലെ ആദ്യ പന്തില്‍ തന്നെ പന്ത് പവലിയനില്‍ തിരിച്ചെത്തി. ഹോള്‍ഡറുടെ പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കുറ്റി തെറിച്ചു. പിന്നാലെ എത്തിയ ജഡേജ 69 പന്തുകള്‍ നേരിട്ടെങ്കിലും റഖീം കോണ്‍വാളിന്റെ പന്തില്‍ പുറത്തായി. ഡാരന്‍ ബ്രാവോയ്ക്കായിരുന്നു ക്യാച്ച്.

എന്നാല്‍ ഒരറ്റത്ത് വിഹാരി ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. ഇശാന്ത് ഉറച്ച പിന്തുണ നല്‍കി. 16 ബൗണ്ടറികള്‍ അടങ്ങുന്നതാണ് വിഹാരിയുടെ ഇന്നിങ്‌സ്. വിഹാരിയുടെ കരിയറിലെ ഏഴാം ടെസ്റ്റാണിത്. ഇശാന്ത് ഇതുവരെ ആറ് ഫോറുകള്‍ നേടി. ഇന്ത്യന്‍ പേസറുടെ ആദ്യ അര്‍ധ സെഞ്ചുറിയാണിത്. 

അഞ്ചിന് 264 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ഇതുവരെ 72 റണ്‍സ് ഇന്ത്യന്‍ താരങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (55), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (76), അജിന്‍ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. ഹോള്‍ഡര്‍ക്ക് പുറമെ കോണ്‍വാള്‍ രണ്ടും കെമര്‍ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.