Asianet News MalayalamAsianet News Malayalam

മുന്നില്‍ നിന്ന് നയിച്ച് വിഹാരി; വിന്‍ഡീസിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിട്ടുണ്ട്.

Vihari leading and India into big score against Windies in second test
Author
Kingston, First Published Aug 31, 2019, 10:19 PM IST

കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തിട്ടുണ്ട്. ഹനുമ വിഹാരി (84), ഇഷാന്ത് ശര്‍മ (11) എന്നിവരാണ് ക്രീസില്‍. ഋഷഭ് പന്ത് (27), രവീന്ദ്ര ജഡേജ (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ നാല് വിക്കറ്റ് വീഴ്ത്തി. 

രണ്ടാം ദിവസത്തിലെ ആദ്യ പന്തില്‍ തന്നെ പന്ത് പവലിയനില്‍ തിരിച്ചെത്തി. ഹോള്‍ഡറുടെ പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ കുറ്റി തെറിച്ചു. പിന്നാലെ എത്തിയ ജഡേജ 69 പന്തുകള്‍ നേരിട്ടെങ്കിലും റഖീം കോണ്‍വാളിന്റെ പന്തില്‍ പുറത്തായി. ഡാരന്‍ ബ്രാവോയ്ക്കായിരുന്നു ക്യാച്ച്. എന്നാല്‍ ഒരറ്റത്ത് വിഹാരി ഉറച്ചുനിന്നതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായി. താരം ഇതുവരെ 13 ബൗണ്ടറികള്‍ കണ്ടെത്തിയിട്ടുണ്ട്. 

അഞ്ചിന് 264 എന്ന നിലയിലാണ് വിന്‍ഡീസ് രണ്ടാം ദിനം ആരംഭിച്ചത്. ഇതുവരെ 72 റണ്‍സ് ഇന്ത്യന്‍ താരങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (13), മായങ്ക് അഗര്‍വാള്‍ (55), ചേതേശ്വര്‍ പൂജാര (6), വിരാട് കോലി (76), അജിന്‍ക്യ രഹാനെ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനം ഇന്ത്യക്ക് നഷ്ടമായത്. ഹോള്‍ഡര്‍ക്ക് പുറമെ കോണ്‍വാള്‍ രണ്ടും കെമര്‍ റോച്ച് ഒരു വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios