മുംബൈ താരം യാഷസ്‌വി ജെയ്‌സ്‌വാള്‍ 200 റണ്‍സ് തികയ്‌ക്കുമ്പോള്‍ 17 വയസും 292 ദിവസവുമാണ് പ്രായം

മുംബൈ: വിജയ് ഹസാരേ ട്രോഫിയില്‍ ഇരട്ട സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് മുംബൈ ബാറ്റ്സ്‌മാന്‍ യാഷസ്‌വി ജെയ്‌സ്‌വാള്‍. ഝാർഖണ്ഡിനെതിരായ മത്സരത്തില്‍ യാഷസ്‌വി ജെയ്‌സ്‌വാള്‍ 200 റണ്‍സ് തികയ്‌ക്കുമ്പോള്‍ 17 വയസും 292 ദിവസവുമാണ് പ്രായം. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തി ഇതോടെ ജെയ്‌സ്‌വാള്‍.

മത്സരത്തില്‍ 154 പന്തുകളില്‍ നിന്ന് 17 ഫോറും 12 കൂറ്റന്‍ സിക്‌സുകളും സഹിതം ജെയ്‌സ്‌വാള്‍ 203 റണ്‍സെടുത്തു. വരുണ്‍ ആരോണ്‍, ഷഹ്‌ബാസ് നദീം, അന്‍കുല്‍ റോയ് തുടങ്ങിയ പേരുകേട്ട ബൗളിംഗ് നിരയ്‌ക്കെതിരെയായിരുന്നു ജെയ്‌സ്‌വാളിന്‍റെ വെടിക്കെട്ട്. ഈ വര്‍ഷാദ്യം ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ടൂര്‍ണമെന്‍റില്‍ കേരളത്തിനും ഗോവയ്‌ക്കും എതിരെ സെഞ്ചുറി നേടിയിരുന്നു. അണ്ടര്‍ 19 തലത്തില്‍ ടീം ഇന്ത്യയെ ജെയ്‌സ്‌വാള്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 

വിജയ് ഹസാരേ ട്രോഫിയില്‍ ഈ സീസണില്‍ പിറക്കുന്ന രണ്ടാമത്തെ ഇരട്ട ശതകമാണിത്. ഗോവയ്‌ക്ക് എതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണാണ് ആദ്യ ഡബിള്‍ സെഞ്ചുറി നേടിയത്. പുറത്താകാതെ 212 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയും വിജയ് ഹസാരേ ട്രോഫിയിലെ ഉയര്‍ന്ന സ്‌കോറുമാണ് സഞ്ജു സ്വന്തമാക്കിയത്.