റോബിന്‍ ഉത്തപ്പയും വിഷ്‌ണു വിനോദും സഞ്ജു സാംസണും തീപ്പന്തമായപ്പോള്‍ റെയില്‍വേസിനെതിരെ കേരളത്തിന് മികച്ച സ്‌കോര്‍.

ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്‌ണു വിനോദും സഞ്ജു സാംസണും തീപ്പന്തമായപ്പോള്‍ റെയില്‍വേസിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം ഉത്തപ്പയുടേയും(100), വിഷ്‌ണുവിന്‍റേയും(107) സെഞ്ചുറിക്കരുത്തിലും സഞ്ജു വെടിക്കെട്ടിലും(61) ആറ് വിക്കറ്റ് നഷ്‌ട‌ത്തില്‍ 50 ഓവറില്‍ 351 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വത്‌സല്‍ ഗോവിന്ദിന്‍റെ(46) പ്രകടനവും കേരളത്തെ തുണച്ചു. 

വീണ്ടും ഉത്തപ്പ, വിഷ്‌ണു കട്ട സപ്പോര്‍ട്ട്

ഏത് ടീമും കൊതിക്കുന്ന സ്വപ്‌ന തുടക്കമാണ് കേരളം നേടിയത്. മിന്നും ഫോം മൂന്നാം മത്സരത്തിലും ഉത്തപ്പ തുടരുകയും വിഷ്‌ണു വിനോദ് അതേറ്റ് പിടിക്കുകയും ചെയ്‌തപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ 193 റണ്‍സ് പിറന്നു. വിഷ്‌ണുവാണ് ആദ്യം അടി തുടങ്ങിയതെങ്കില്‍ പിന്നാലെ ഉത്തപ്പ സ്റ്റിയറിംഗ് ഏറ്റെടുക്കുകയായിരുന്നു. കൂട്ടുകെട്ട് പൊളിക്കാന്‍ 32 ഓവറുകള്‍ കാത്തിരിക്കേണ്ടി വന്നു റെയില്‍വേസിന്. 103 പന്തില്‍ ഉത്തപ്പ എട്ട് ഫോറും അഞ്ച് സിക്‌സും പറത്തി ടൂര്‍ണമെന്‍റിലെ രണ്ടാം ശതകം കണ്ടെത്തി. എന്നാല്‍ സെഞ്ചുറിക്ക് തൊട്ടടുത്ത പന്തില്‍ ഉത്തപ്പയെ ശിവം ചൗധരി റിട്ടേന്‍ ക്യാച്ചില്‍ മടക്കി. 

സഞ്ജു തീ, പുകഞ്ഞ് മധ്യനിര

വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജുവാകട്ടെ വന്നപാടെ അടി തുടങ്ങി. ഇതിനിടെ 90 പന്തില്‍ വിഷ്‌ണു വിനോദ് ശതകം പൂര്‍ത്തിയാക്കി. അഞ്ച് ഫോറും നാല് സിക്‌സും ബൗണ്ടറിയിലെത്തി. 107 പന്തില്‍ അത്രതന്നെ റണ്‍സുമായി വിഷ്‌ണു 40-ാം ഓവറില്‍ അമിത് മിശ്രയുടെ പന്തില്‍ മടങ്ങി. എങ്കിലും 25 പന്തില്‍ അമ്പത് പിന്നിട്ട് സഞ്ജു ബാറ്റിംഗ് വെടിക്കെട്ടിന് മരുന്നിട്ടതോടെ കേരളം സ്‌കോര്‍ ബോര്‍ഡില്‍ കുതിച്ചു. 41-ാം ഓവറില്‍ പ്രദീപ് പൂജാര്‍ അടുത്തടുത്ത പന്തുകളില്‍ സച്ചിന്‍ ബേബിയേയും(1), സഞ്ജു സാംസണിനേയും(61) മടക്കി. 29 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്‍റെ വെടിക്കെട്ട്. 

ഒടുവില്‍ 350 വാട്ടായി കേരളം

അവസാന 10 ഓവറില്‍ 77 റണ്‍സ് നേടിയെങ്കിലും നാല് വിക്കറ്റ് കളഞ്ഞുകുളിച്ചത് തിരിച്ചടിയായി. 43.4 ഓവറില്‍ കരണ്‍ ശര്‍മ്മയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മുഹമ്മദ് അസ്‌ഹറുദ്ദീന്‍(5) പുറത്തായി. രോജിത്ത് കെ ജിക്ക് നാല് റണ്‍സേ നേടാനായുള്ളൂ. കരണ്‍ ശര്‍മ്മയ്‌ക്കായിരുന്നു വിക്കറ്റ്. എന്നാല്‍ ജലജ് സക്‌സേനയെ കൂട്ടുപിടിച്ച് വത്‌സല്‍ ഗോവിന്ദ് ആക്രമിച്ച് കളിച്ചത് കേരളത്തെ 350 എന്ന മാന്ത്രിക സംഖ്യയില്‍ കടത്തി. വത്‌സല്‍ 34 പന്തില്‍ 46 റണ്‍സുമായും സക്‌സേന 9 പന്തില്‍ 13 റണ്‍സെടുത്തും പുറത്താകാതെ നിന്നു. 

കേരള ടീം: റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വത്‌സല്‍ ഗോവിന്ദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, ജലജ് സക്‌സേന, കെ രോജിത്ത്, എം ഡി നിതീഷ്, എസ് ശ്രീശാന്ത്, ബേസില്‍ എന്‍പി.