ബാറ്റ് കൊണ്ട് വീണ്ടും അമ്പരപ്പിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്, ടൂര്‍ണമെന്‍റിലെ മൂന്ന് മത്സരങ്ങളിലും സെഞ്ചുറി
രാജ്‌കോട്ട്: വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ (Vijay Hazare Trophy 2021-22) കേരളത്തിനെതിരെ തുടക്കത്തിലെ പ്രതിസന്ധിക്ക് ശേഷം മഹാരാഷ്‌ട്രയുടെ (Kerala vs Maharashtra) അതിശക്തമായ തിരിച്ചുവരവ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറി കണ്ടെത്തിയ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം (Ruturaj Gaikwad), രാഹുല്‍ ത്രിപാഠിയാണ് (Rahul Tripathi) മഹാരാഷ്‌ട്രയെ കരകയറ്റിയത്. എന്നാല്‍ ത്രിപാഠി സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ പുറത്തായി.
40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 220 റണ്‍സ് എന്ന നിലയിലാണ് മഹാരാഷ്‌ട്ര. ഗെയ്‌ക്‌വാദ് 112 പന്തില്‍ 102 ഉം, നൗഷാദ് ഷെയ്‌ഖ് 2 പന്തില്‍ അക്കൗണ്ട് തുറക്കാതെയും ക്രീസില്‍ നില്‍ക്കുന്നു. 22-2 എന്ന നിലയില്‍ നിന്നാണ് മൂന്നാം വിക്കറ്റില്‍ ഗെയ്‌ക്‌വാദിന്‍റെയും ത്രിപാഠിയുടേയും 195 റണ്‍സ് കൂട്ടുകെട്ടുമായി മഹാരാഷ്‌ട്രയുടെ വിസ്‌മയ തിരിച്ചുവരവ്. 110 പന്തില്‍ നിന്നാണ് ഗെയ്‌ക്‌വാദിന്‍റെ ശതകമെങ്കില്‍ ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മഹാരാഷ്‌ട്രയ്‌ക്ക് 22 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്‌ണു വിനോദിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്‌നെയെ(9) സഞ്ജുവിന്‍റെ കൈകളിലാക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റുതുരാജ് ഗെയ്‌ക്‌വാദ്-രാഹുല്‍ ത്രിപാഠി സഖ്യം സുരക്ഷിതമായി ടീമിനെ കരകയറ്റി. 28 ഓവറില്‍ മഹാരാഷ്‌ട്ര 150 റണ്‍സ് പിന്നിട്ടു.
ആദ്യ രണ്ട് കളിയും ജയിച്ച മഹാരാഷ്ട്ര ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഛണ്ഡീഗഡിനെ തോൽപ്പിക്കുകയും മധ്യപ്രദേശിനോട് തോൽക്കുകയും ചെയ്ത കേരളം ആണ് രണ്ടാമത്. യുവതാരങ്ങളായ റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും തമ്മിലുളള പോരാട്ടമാണ് പുരോഗമിക്കുന്നത്. ടൂര്‍ണമെന്‍റിലെ മൂന്ന് മത്സരങ്ങളിലും ഗെയ്‌ക്‌വാദിന് സെഞ്ചുറിയായി. കേരള നായകനായ സഞ്ജു ബാറ്റിംഗില്‍ കാര്യമായി തിളങ്ങിയിട്ടില്ല. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലുമാണ് കേരള ബാറ്റര്‍മാരില്‍ മുന്നിൽ.
കേരള പ്ലേയിംഗ് ഇലവന്‍
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, നിധീഷ് എം ഡി, രോഹന്‍ എസ് കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വത്‌സാല്‍, വിശ്വേശര്‍ സുരേഷ്.
Ashes : ഗാബയില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്‌ത്തി ഓസീസ്; 9 വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍
