ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്‍റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്‌ക്‌വാദ് ഒരിക്കല്‍ക്കൂടി സ്വപ്‌ന ഫോമിന് അടിവരയിട്ടു

രാജ്‌കോട്ട്: മൂന്ന് മത്സരങ്ങള്‍, 3 സെഞ്ചുറി... സ്വപ്‌ന ഫോമില്‍ ബാറ്റ് വീശുന്ന റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) ഒരിക്കല്‍ക്കൂടി സംഹാരരൂപം പുറത്തെടുത്തപ്പോള്‍ വിജയ് ഹസാരേ ഏകദിന ക്രിക്കറ്റ് ട്രോഫിയിൽ (Vijay Hazare Trophy 2021-22) കേരളത്തിനെതിരെ മഹാരാഷ്‌ട്രക്ക് (Kerala vs Maharashtra) മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മഹാരാഷ്‌ട്ര ഗെയ്‌ക്‌വാദിന്‍റെ 124 റണ്‍സിലും രാഹുല്‍ ത്രിപാഠിയുടെ (Rahul Tripathi) 99ലും നിശ്‌ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 291 റണ്‍സെടുത്തു. നിധീഷ് എം ഡി (Nidheesh M D) 10 ഓവറില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മഹാരാഷ്‌ട്രയെ 300 കടക്കുന്നതില്‍ നിന്ന് തടുത്തത്. 

സഞ്ജുവിന്‍റെ തീരുമാനം ശരി, പിന്നെ സംഭവിച്ചത്

ടോസ് നേടി മഹാരാഷ്‌ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. എന്നാല്‍ പിന്നീട് റുതുരാജ് ഗെയ്‌ക്‌വാദ്-രാഹുല്‍ ത്രിപാഠി സഖ്യം മൂന്നാം വിക്കറ്റില്‍ മത്സരത്തിന്‍റെ ഗിയര്‍ ഏറ്റെടുത്തു. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ മഹാരാഷ്‌ട്രയ്‌ക്ക് 22 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്‌ണു വിനോദിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്‌നെയെ(9) സഞ്ജുവിന്‍റെ കൈകളിലാക്കി.

ഗെയ്‌ക്‌വാദ്-ത്രിപാഠി ഷോ

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 195 റണ്‍സിന്‍റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഗെയ്‌ക്‌വാദ്-ത്രിപാഠി സഖ്യം വിസ്‌മയ തിരിച്ചുവരവിലേക്ക് മഹാരാഷ്‌ട്രയെ പട നയിച്ചു. ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്‍റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്‌ക്‌വാദ് ഒരിക്കല്‍ക്കൂടി സ്വപ്‌ന ഫോമിന് അടിവരയിട്ടു. ത്രിപാഠി പുറത്താകുമ്പോള്‍ 39.4 ഓവറില്‍ 217 റണ്‍സിലെത്തി മഹാരാഷ്‌ട്ര സ്‌കോര്‍. അഞ്ചാമനായി ക്രീസിലെത്തിയ നൗഷാദ് ഷെയ്‌ഖും(5) നിധീഷിന് വിക്കറ്റ് സമ്മാനിച്ചു. 

നിധീഷ് എം ഡിക്ക് അഞ്ച് വിക്കറ്റ്

എന്നാല്‍ പാറപോലെ ഉറച്ച ഗെയ്‌ക്‌വാദ് ആത്മവിശ്വാസത്തോടെ ടീമിനെ മികച്ച സ്‌കോറിലേക്ക് ആനയിച്ചു. വിശ്വേശര്‍ സുരേഷിന്‍റെ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്‌ക്‌വാദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 249.129 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സറും സഹിതം ഗെയ്‌ക്‌വാദ് 124 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കൂറ്റനടികളില്‍ നിന്ന് മഹാരാഷ്‌ട്രയെ കേരളത്തിന് തടുക്കാനായി. സ്വപ്‌നിലിനെയും(14), സോപിനേയും(5) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ കാസിയെ(20) ബേസില്‍ പുറത്താക്കി. പല്‍ക്കറും(4*), ചൗധരിയും(1*) പുറത്താകാതെ നിന്നു. 

കരതൊടുമോ കേരളം 

ആദ്യ രണ്ട് കളിയും ജയിച്ച മഹാരാഷ്ട്ര ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഛണ്ഡീഗഡിനെ തോൽപ്പിക്കുകയും മധ്യപ്രദേശിനോട് തോൽക്കുകയും ചെയ്ത കേരളം ആണ് രണ്ടാമത്. യുവതാരങ്ങളായ റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും തമ്മിലുളള പോരാട്ടമാണ് പുരോഗമിക്കുന്നത്. കേരള നായകനായ സഞ്ജു ബാറ്റിംഗില്‍ കാര്യമായി തിളങ്ങിയിട്ടില്ല. സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മലുമാണ് കേരള ബാറ്റര്‍മാരില്‍ മുന്നിൽ. 

കേരള പ്ലേയിംഗ് ഇലവന്‍

സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, ബേസില്‍ തമ്പി, സച്ചിന്‍ ബേബി, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, നിധീഷ് എം ഡി, രോഹന്‍ എസ് കുന്നുമ്മല്‍, സിജോമോന്‍ ജോസഫ്, വത്‌സാല്‍, വിശ്വേശര്‍ സുരേഷ്. 

Ashes : ഗാബയില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്‌‌ത്തി ഓസീസ്; 9 വിക്കറ്റ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍