Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫി; കേരളം ഇനി ആരെ തീര്‍ക്കണം? ക്വാര്‍ട്ടറിലെ എതിരാളി തീരുമാനമായി

ഇന്ത്യന്‍ സീനിയര്‍ ടീമിനായി കളിച്ച ഒരുപിടി താരങ്ങളടങ്ങിയ ടീമിനെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം നേരിടേണ്ടത്

Vijay Hazare Trophy 2023 Kerala to face which team in quarter finals
Author
First Published Dec 9, 2023, 5:33 PM IST

രാജ്‌കോട്ട്: വിജയ് ഹസാരെ ഏകദിന ട്രോഫി പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയെ 153 റണ്‍സിന് തകര്‍ത്തുവിട്ട് കേരള ക്രിക്കറ്റ് ടീം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. ക്വാര്‍ട്ടറില്‍ കരുത്തരായ രാജസ്ഥാനാണ് കേരളത്തിന്‍റെ എതിരാളികള്‍. ഇന്നത്തെ മത്സരം നടന്ന രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 11ന് ഇന്ത്യന്‍ സമയം രാവിലെ 9 മണിക്കാണ് രാജസ്ഥാന്‍- കേരള ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കുക. ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാനില്‍ രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, മഹിപാല്‍ ലോംറര്‍, രാം മോഹന്‍ ചൗഹാന്‍. അഭിജീത്ത് തോമര്‍, കുണാല്‍ സിംഗ് റാത്തോഡ് തുടങ്ങിയ താരങ്ങളുണ്ട്. 

സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കരുത്തരായ മഹാരാഷ്‌ട്രയെ 153 റണ്‍സിന് തോല്‍പിച്ചാണ് കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്‌ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടായി. സ്കോര്‍: കേരളം- 383/4 (50), മഹാരാഷ്‌ട്ര- 230 (37.4). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് നേടിയ 383 റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. 

ബാറ്റിംഗില്‍ രോഹന്‍ എസ് കുന്നുമ്മലും (95 പന്തില്‍ 120) കൃഷ്‌ണ പ്രസാദും (137 പന്തില്‍ 144) സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്‌പിന്‍ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയാസ് 8.4 ഓവറില്‍ 38 റണ്‍സിന് നാലും വൈശാഖ് 9 ഓവറില്‍ 39ന് മൂന്നും വിക്കറ്റ് കീശയിലാക്കി. ബേസില്‍ തമ്പിയും അഖിന്‍ സത്താറും ഓരോ വിക്കറ്റ് നേടി. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്‌ണു വിനോദ് (23 പന്തില്‍ 43), അബ്‌ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും കേരളത്തിനായി തിളങ്ങി. ഇനി കേരളത്തിന്‍റെ കണ്ണുകളെല്ലാം രാജസ്ഥാനെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തിലേക്കാണ്. 

Read more: കേരളം എന്നാ സുമ്മാവാ; മഹാരാഷ്‌ട്രയെ 153 റണ്‍സിന് തോല്‍പിച്ച് വിജയ് ഹസാരെ ക്വാര്‍ട്ടറില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios