ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മൂന്നാം സെഞ്ചുറിയുമായി ഓപ്പണര്‍ വിഷ്ണു വിനോദ് തിളങ്ങിയ മത്സരത്തില്‍ ആന്ധ്രക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തപ്പോള്‍ 39.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു. 89 പന്തില്‍ 139 റണ്‍സെടുത്ത വിഷ്ണു വിനോദാണ് കേരളത്തിന്റെ വിജയശില്‍പി.

സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്ണെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പെയെയും(1) സഞ്ജു സാംസണെയും(0) നഷ്ടമായ കേരളത്തെ വിഷ്ണു ഒറ്റക്ക് കരകയറ്റി. സച്ചിന്‍ ബേബി(19), ജലജ് സക്സേന(46 നോട്ടൗട്ട്), പി രാഹുല്‍(27 നോട്ടൗട്ട്) എന്നിവരും ബാറ്റിംഗില്‍ കേരളത്തിനായി തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രക്കായി റിക്കി ബൂയി(58), കരണ്‍ ഷിന്‍ഡെ(38), സുമനാഥ്(31), നരേന്‍ റെഡ്ഡി(30), അശ്വിന്‍ ഹെബ്ബാര്‍(31) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. കേരളത്തിനായി ബേസില്‍ തമ്പിയും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജലജ് സക്സേന ഒരു വിക്കറ്റെടുത്തു. ടൂര്‍ണമെന്റില്‍ എട്ടു കളികളില്‍ നാലു ജയവുമായി 16 പോയന്റാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. എട്ടു കളികളില്‍ 28 പോയന്റുള്ള കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്.