ബംഗലൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെയുടെയും കെ എല്‍ രാഹുലിന്റെയും ബാറ്റിംഗ് മികവില്‍ കര്‍ണാടകയ്ക്ക് തകര്‍പ്പന്‍ ജയം. ഛത്തീസ്ഗഡിനെയാണ് കര്‍ണാടക 79 റണ്‍സിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക രാഹുലിന്റെ അര്‍ധസെഞ്ചുറിയുടെയും(81), മനീഷ് പാണ്ഡെയുടെ സെഞ്ചുറിയുടെയും(118 പന്തില്‍ 142) മികവില്‍ 50- ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തപ്പോള്‍ ഛത്തീസ്ഗഡിന്റെ മറുപടി 206 റണ്‍സിലൊതുങ്ങി. സ്കോര്‍ കര്‍ണാടക 50 ഓവറില്‍ 285/7,ഛത്തീസ്ഗഡ് 44.4 ഓവറില്‍ 206ന് ഓള്‍ ഔട്ട്.

കേരളത്തിനെതിരെ സെഞ്ചുറി നേടിയ രാഹുല്‍ കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കരുതലോടെ തുടങ്ങിയ രാഹുല്‍ മനീഷ് പാണ്ഡെയുമൊത്ത് മൂന്നാം വിക്കറ്റില്‍ 150 റണ്‍സിന്റെ  കൂട്ടുകെട്ടുയര്‍ത്തി. ഇരുവര്‍ക്കും മാത്രമെ കര്‍ണാടക നിരയില്‍ ശോഭിക്കാനായുള്ളു. മലയാളി താരങ്ങളായ കരുണ്‍ നായരും(1), ദേവദത്ത് പടിക്കലും(8) നിരാശപ്പെടുത്തി.

മറുപടി ബാറ്റിംഗില്‍ അമന്‍ദീപ് ഖരെ(43), ശശാങ്ക് ചന്ദ്രാകര്‍(42), അശുതോഷ് സിംഗ്(32) എന്നിവര്‍ മാത്രമെ ഛത്തീസ്ഗഡിനായി തിളങ്ങിയുള്ളു. കര്‍ണാടകയ്ക്കായി പ്രിസദ്ധ് കൃഷ്ണയും ശ്രേയസ് ഗോപാലും മൂന്ന് വിക്കറ്റെടുത്തു.